വീണ്ടും കര്‍ണ്ണാടക മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ

siddaramaiah

ഹസാന്‍: ഒരിക്കല്‍ കൂടി താന്‍ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ. തന്നെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ പ്രതിപക്ഷം ഒന്നിച്ച് നിന്നു, പണവും ജാതിയും രാഷ്ട്രീയത്തിന്റെ മുഖ്യ ഘടകങ്ങളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജനങ്ങള്‍ ഒരിക്കല്‍ കൂടി തനിയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ താന്‍ പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ ജയവും പരാജയവും ഉണ്ടാകും. ഒറ്റത്തവണത്തെ പരാജയം കൊണ്ട് പിന്മാറില്ല.’ സിദ്ധരാമയ്യ പറഞ്ഞു.

വലിയ നാടകീയ രംഗങ്ങള്‍ക്കാണ് കര്‍ണ്ണാടകയിലെ പൊതു തെരഞ്ഞടുപ്പ് ഇത്തവണ സാക്ഷ്യം വഹിച്ചത്. അവിശ്വാസ വോട്ടെടുപ്പ് നടത്തിയതില്‍ ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തില്‍ വരികയും ചെയ്തു. എച്ച് ഡി കുമാരസ്വാമിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ പടലപ്പിണക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

മഴയെ തുടര്‍ന്ന് കുടകിലും കര്‍ണാടകയിലും ഉണ്ടായ ദുരിതങ്ങള്‍ കണ്ടറിയാന്‍ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് കര്‍ണാടക സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദി കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുടകിലും സന്ദര്‍ശനം നടത്തണമെന്നാണ് തനിയ്ക്ക് ആവശ്യപ്പെടാനുള്ളതെന്നും പ്രധാനമന്ത്രി എന്ന നിലയില്‍ അത് മോദിയുടെ കടമയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Top