ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടിയാൽ . . ഇടതുപക്ഷത്തിന്റെ ഗതി അധോഗതി !

ബി.ഡി.ജെ.എസ് എന്ന അവസരവാദ പാര്‍ട്ടി ഇടതു പക്ഷത്തെത്തിയാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് നിലവിലെ അവസ്ഥ.ചില സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. എന്‍.ഡി.എ വിട്ടു വന്നാല്‍ ബി.ഡി.ജെ.എസിനു മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനാണ് വ്യക്തമാക്കിയിരിക്കുന്നത്. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണനും തുറന്ന് പറഞ്ഞു കഴിഞ്ഞു. ‘പൊതുവില്‍ അവര്‍ ഇടതുപക്ഷത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പിക്കൊപ്പം നില്‍ക്കേണ്ടതുണ്ടോ’ എന്നത് ആലോചിക്കണമെന്നുമാണ് കോടിയേരി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ രണ്ട് സി.പി.എം നേതാക്കള്‍ക്കും പുറമെ നേരത്തെ മന്ത്രി ജി.സുധാകരനും സമാന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബി.ഡി.ജെ.എസിന്റെ ഇടതു മുന്നണി പ്രവേശനം ഉടനെയുണ്ടാകുമെന്ന അഭൂഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഈ നിലപാടുകളെല്ലാം.

ചെക്കു കേസില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അകത്തായപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടതു മുതല്‍ ഉയര്‍ന്ന സംശയങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നത്. എന്‍.ഡി.എ കണ്‍വീനറായിട്ടും ബി.ജെ.പി നേതാക്കള്‍ തുഷാര്‍ കേസില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ക്രിമിനല്‍ കേസില്‍ നിന്നും തലയൂരി കേരളത്തിലെത്തിയ തുഷാര്‍, തനിക്കെതിരെ കള്ളകേസ് നല്‍കിയ നാസില്‍ അബ്ദുള്ളക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിലും ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

കള്ളകേസാണ് നല്‍കിയതെങ്കില്‍ അകത്താക്കിച്ചവനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമായിരുന്നു. ഇവിടെയാണ് സ്വാഭാവികമായും ചില സംശയങ്ങള്‍ ഉയരുന്നത്. കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ അണിയറയില്‍ ചില ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ടെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണിത്.

മാത്രമല്ല തുഷാറിനെ സഹായിച്ചതിന് ഏറെ പഴികേട്ട വ്യവസായി എം.എ യൂസഫലിയെ സംബന്ധിച്ചും തുഷാറിനെ കോടതി വെറുതെ വിടേണ്ടത് അനിവാര്യവുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ യൂസഫലി എന്ന പ്രവാസി വ്യവസായിക്കുള്ള സ്വാധീനം വച്ച് നോക്കുമ്പോള്‍ ഒരു ‘സാധ്യത’യും തള്ളിക്കളയാന്‍ കഴിയുന്നതല്ല. തുഷാറിനെ അജ്മാന്‍ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബി.ജെ.പി വ്യക്തമായ ഒരകലം ഈ ബി.ഡി.ജെ.എസ് നേതാവിനോട് കാണിച്ചിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തിയാണ് തുഷാറിന്റെ മനം മാറ്റത്തിന് കാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

ബി.ഡി.ജെ.എസ്, എന്‍.ഡി.എയില്‍ തുടരുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലന്നാണ് തുഷാര്‍ വള്ളാപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്. അതിന് അദ്ദേഹം പറയുന്ന കാര്യങ്ങളും വിചിത്രമാണ്.

ബി.ജെ.പി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളൊന്നും കിട്ടിയില്ലന്ന കാര്യമാണ് പ്രധാനമായും പരാതിയായി ബി.ഡി.ജെ.എസ് നേതൃത്വം ഉയര്‍ത്തുന്നത്. അതായത് ആശയപരമല്ല, അധികാര സ്ഥാനങ്ങള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭിന്നതക്ക് കാരണമെന്ന് വ്യക്തം. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പദവികള്‍ കിട്ടിയത്‌പോലും പോരാ എന്ന ബി.ഡി.ജെ.എസ് നിലപാട് തന്നെ ധിക്കാരപരമാണ്. ഒറ്റക്ക് നിന്നാല്‍ സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്തവര്‍ക്ക് ബി.ജെ.പി ഇപ്പോള്‍ നല്‍കിയ പരിഗണന തന്നെ ധാരാളമാണ്.

ഇത്തരം അവസരവാദ പാര്‍ട്ടികള്‍ മുന്നണിയില്‍ ഉള്ളതിനേക്കാള്‍ ഭേദം അവര്‍ പുറത്ത് പോകുന്നത് തന്നെയാണ്. കാവി രാഷട്രീയത്തിന് ഗുണം ചെയ്യുക അത്തരമൊരു നിലപാട് തന്നെയാണ്. ബി.ഡി.ജെ.എസിന്റെ മുന്നണിപ്രവേശനം ബി.ജെ.പിയുടെ മുന്നോക്ക വോട്ടുകളെയാണ് ബാധിച്ചിരുന്നത്. ഈ യാഥാര്‍ത്ഥ്യം ബി.ജെ.പി തന്നെ വൈകിയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്.

പിതാവായ വെളളാപ്പളളി ഒരു നിലപാടും മകന്‍ വെള്ളാപ്പള്ളി മറ്റൊരു നിലപാടും പറഞ്ഞ് ശരിക്കും രാഷ്ട്രിയ കേരളത്തെ വട്ടം കറക്കുകയാണ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. ഇരുവരുടെയും അവസരവാദപരമായ നിലപാട് സ്വന്തം നില നില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് മുതല്‍ ശാശ്വതീകാനന്ദ സ്വാമിയുടെ മരണം വരെ ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചിരുന്നത്. വി.എസ് അച്ചുതാനന്ദന്‍ വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ ചുവപ്പ് സ്‌നേഹമെന്നതും നാം ഓര്‍ക്കണം. കേന്ദ്ര ഏജന്‍സികളുടെ ‘വാള്‍’ തലക്കു മുകളില്‍ വരുമെന്ന ഭയം ഒഴിവാക്കാനാണ് തുഷാറിനെ വെളളാപ്പളളി നടേശന്‍ എന്‍.ഡി.എയില്‍ നിര്‍ത്തിയിരുന്നത്.

നവോത്ഥാന മതിലില്‍ തുടങ്ങി വെള്ളാപ്പള്ളിയുടെ തനിനിറം വ്യക്തമായതോടെയാണ് ബി.ജെ.പിയും നിലപാട് കര്‍ക്കശമാക്കി തുടങ്ങിയത്. സംഘപരിവാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ബി.ഡി.ജെ.എസ് എന്ന വസ്തുത അവര്‍ തന്നെയാണ് മറന്നു പോയിരുന്നത്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് സി.പി.എം നേതാക്കളും ഇപ്പോള്‍ സൗകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നത്.

അധികാരം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മുന്‍ നിര്‍ത്തിമാത്രം പുറത്ത് വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ എങ്ങനെയാണ് ഇടതുപക്ഷത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുക ? ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായി പിറവിയെടുത്ത ജാതി പാര്‍ട്ടിയോട് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെയാണ് സഹകരിക്കാന്‍ കഴിയുക ? ഈ ചോദ്യങ്ങള്‍ക്ക് സി.പി.എം നേതൃത്വമാണ് ഇനി മറുപടി പറയേണ്ടത്. വര്‍ഗ്ഗീയ വിഷം ചീറ്റിയ വെള്ളാപ്പള്ളിയുടെ പ്രസംഗം സി.പി.എം നേതാക്കള്‍ മറന്നാലും മതേതരകേരളം ഒരിക്കലും മറക്കുകയില്ല.

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞത് കേരളത്തെ ഞെട്ടിച്ചിരുന്നു. നൗഷാദ് മുസ്ലിം ആയതു കൊണ്ടാണ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. മുസ്ലീമായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് വെള്ളാപ്പള്ളിക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്തന്നെ നേരിടേണ്ടി വന്നിരുന്നത്.

ഇന്ന് വെള്ളാപ്പള്ളിയെ നവോത്ഥാന നായകനാക്കിയ ഇടതുപക്ഷമാണ് ഏറ്റവും ശക്തമായി വിവാദ പരാമര്‍ശത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നത്. രൂക്ഷമായി പ്രതികരിച്ചതാവട്ടെ പിണറായി വിജയന്‍ തന്നെയായിരുന്നു. നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്നാണ് പിണറായി അന്ന് പറഞ്ഞിരുന്നത്.

കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണെന്നും അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയതെന്നും പിണറായി തുറന്നടിച്ചിരുന്നു. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. ഈ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരുന്നത്.

വര്‍ഗീയ വിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടു മത്സരിക്കാന്‍ വെളളാപ്പളളി തീരുമാനിച്ച മട്ടാണെന്നാണ് തോമസ് ഐസകും വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. മരണത്തോടു മല്ലിടുന്ന രണ്ടു പാവങ്ങളെ രക്ഷിക്കാന്‍ രണ്ടുവട്ടം ആലോചിക്കാതെ തുനിഞ്ഞിറങ്ങിയ നൗഷാദിനെക്കുറിച്ചു വെളളാപ്പളളിയുടെ നാവില്‍ നിന്നു വീണ വാചകങ്ങള്‍ വര്‍ഗീയത മാത്രമല്ല, മനുഷ്യത്വരഹിതവും കൂടിയാണെന്നും ഐസക് കുറ്റപ്പെടുത്തിയിരുന്നു.

വെള്ളാപ്പള്ളി നടേശന് വര്‍ഗീയഭ്രാന്താണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചിരുന്നത്. ചങ്ങലയ്ക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീനാരായണസൂക്തങ്ങള്‍ പറയേണ്ട വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു ടി.വി. രാജേഷ് എം.എല്‍.എ തുറന്നടിച്ചിരുന്നത്. നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്ന തരത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണമെന്നും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ ടി.വി. രാജേഷ് ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസ് ക്യാമ്പില്‍ ചേക്കേറിയ വെള്ളാപ്പള്ളിക്ക് ശ്രീനാരായണദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ലെന്നും ടി.വി. രാജേഷ് പറയുകയുണ്ടായി.

ഇങ്ങനെ രൂക്ഷമായി വെള്ളാപ്പള്ളി നടേശനെതിരെ യു.ഡി.എഫ് ഭരണകാലത്ത് പ്രതികരിച്ചവരാണിപ്പോള്‍ അവര്‍ക്കായി ചുവപ്പ് പരവതാനി വിരിക്കാന്‍ ശ്രമിക്കുന്നത്. ഇത് പരിഹാസ്യമാണ്. ഇടതുപക്ഷ അണികളില്‍ ഒരു ചെറിയ ശതമാനംപോലും ഈ നീക്കത്തെ നിലവില്‍ അംഗീകരിക്കുന്നില്ല.ബി.ഡി.ജെ.എസിനെ ഇടതു മുന്നണിയിലെടുക്കാന്‍ ശ്രമിച്ചാല്‍ ഇടതുപക്ഷത്തിന് വലിയ വിലയാണ് നല്‍കേണ്ടി വരിക. ചെമ്പടയുടെ അടിവേര് തകര്‍ക്കുന്ന ഏര്‍പ്പാടായി അത് മാറും.

അധികാരം ഇല്ലങ്കിലും പാവങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ബാധ്യസ്ഥരാണ് കമ്യൂണിസ്റ്റുകള്‍. അവിടെ ജാതിയും മതവും ഒന്നും ഒരു ഘടകമേയല്ല, മനുഷ്യനും അവന്റെ കഷ്ടപ്പാടുകളുമാണ് പ്രധാനം. മഹത്തായ ആ ചുവപ്പ് പ്രത്യേയശാസ്ത്രത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ഡി.ജെ.എസ്. വെള്ളാപ്പള്ളിമാരുടെ താല്‍പ്പര്യങ്ങളും സ്ഥാനമാനങ്ങളും മാത്രമാണ് ബി.ഡി.ജെ.എസിനെ നയിച്ച്‌കൊണ്ടിരിക്കുന്ന വികാരം. ഈ യാഥാര്‍ത്ഥ്യമാണ് സി.പി.എം തിരിച്ചറിയേണ്ടത്.

സ്വന്തം ശക്തി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാണ് സി.പി.എം നേതൃത്വം ഇവിടെ തയ്യാറാവേണ്ടത്. സി.പി.എമ്മും സി.പി.ഐയും ഒഴികെ ഇടതുപക്ഷമുന്നണിയിലെ മറ്റൊരു പാര്‍ട്ടിക്കും കേരളത്തില്‍ ജനസ്വാധീനമില്ല. ഈ പട്ടികയിലേക്ക് ബി.ഡി.ജെ.എസ് കൂടി വന്നാല്‍ ഉള്ള വോട്ടുകളാണ് ഒലിച്ച് പോവുക. ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

Express View

Top