ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോ ; എം.എം ഹസന്‍

HASSAN

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും, ദേശീയസംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.

സെപ്റ്റംബര്‍ 11-ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലും, ജില്ലാകേന്ദ്രങ്ങളില്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ അറിയിച്ചു.

ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ദൂരപരിധി കുറയ്ക്കുന്നതെന്ന എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും മദ്യ വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും ഹസന്‍ കുറ്റപ്പെടുത്തി.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അസാധാരണ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോയെന്ന് ചോദിച്ച ഹസന്‍ ബാര്‍ അറ്റാച്ച്ഡ് സ്‌കൂളുകളും ആരാധനാലയങ്ങളും ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ചാല്‍പോലും അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും പരിഹസിച്ചു.

മാത്രമല്ല, ബാറുകള്‍ തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top