വന്യജീവി ശല്യം; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രമെന്ന് എകെ ശശീന്ദ്രൻ

കോഴിക്കോട്: ജന ജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫാർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു.

പരിസ്ഥിതി സംരക്ഷണം യുക്തിസഹമാകണമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്‍ഗില്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണങ്ങളി‍ല്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. താമരശേരിയിലെ സേവ് വെസ്റ്റേണ്‍ ഗട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്‍ഗിലിന്റെ നിലപാട് പ്രതീക്ഷ നല്‍കുതെന്ന് താമരശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു.

ഒരു കാലത്ത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും രൂക്ഷമായ സമരത്തിന് നേതൃത്വം നല്‍കിയതാണ് താമരശേരി രൂപത. ഇതേ രൂപതയുടെ നിയന്ത്രണത്തിലുളളതാണ് സേവ് വെസ്റ്റേണ്‍ ഗട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍. ഇവർ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തിലാണ് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ചത്.

രൂപത നേതൃത്വം ഗാഡ്ഗിലിന്റെ നിലപാടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. വന്യമൃങ്ങളുടെ ആക്രമണത്തിന്‍റെ കാര്യത്തില്‍ വനം വകുപ്പിന്റെ കണക്കുകളെയും വാദങ്ങളെയും ഗാഡ്‍ഗില്‍ പൂര്‍ണമായും തളളുന്നു. കാട്ടില്‍ മൃഗങ്ങളുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിച്ചു. നോര്‍വേയും സ്വീഡനുമെല്ലാം ചെയ്യുന്നതുപോലെ നിയന്ത്രിതമായ രീതിയില്‍ മൃഗവേട്ട അനുവദിക്കാവുന്ന സാഹചര്യമാണ് രാജ്യത്ത് പലയിടത്തും. എന്നാല്‍ കൃഷിയിടങ്ങളില്‍ പോലും വന്യമൃഗങ്ങള്‍ വിലസുമ്പോള്‍ ഇവയെ നിയന്ത്രിക്കാനാകാത്തത് വലിയ പരാജയമാണ്. ഐപിസി 100, 103 വകുപ്പുകള്‍ ആത്മരക്ഷാര്‍ത്ഥമുളള പ്രതിരോധത്തിന് അനുമതി നല്‍കുന്നു. എന്നാൽ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പേടേണ്ടി വരുന്നത് വിചിത്രമെന്നും ഗാഡ്‍ഗില്‍ പറഞ്ഞിരുന്നു.

പരിസ്ഥിതി സംരക്ഷണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പശ്മഘട്ട സംരക്ഷണം സംബന്ധിച്ച തന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തളളിക്കളഞ്ഞതെന്നും ഗാഡ്‍ഗില്‍ കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗിലിന്റെ നിലപാട് കര്‍ഷകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും പകരുന്നതെന്ന് താമരശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

Top