പന്നിഫാമില്‍ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

വയനാട് : വയനാട് പന്നിഫാമില്‍ വന്യജീവി ആക്രമണം. മൂടക്കൊലിയില്‍ കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിയെ കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയത്. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകര്‍ഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം.

രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. ഫാമില്‍ 34 പന്നികള്‍ ഉണ്ടായിരുന്നു. ഇതില്‍ 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ല. ഇപ്പോള്‍ 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ പറഞ്ഞു. അടുത്തകാലത്തായാണ് ഫാമില്‍ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേര്‍ത്തു.

വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വനത്തില്‍ നിന്നും പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തില്‍ പന്നിയുടെ ജഡത്തില്‍ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Top