സൈബീരിയയില്‍ കാട്ടുതീ പടരുന്നു; ചാമ്പലായത് ഗ്രീസിനെക്കാള്‍ വലിയൊരു പ്രദേശം!

മോസ്‌കോ: ഈവര്‍ഷം ഇതുവരെയുണ്ടായ കാട്ടുതീ വ്യാപനങ്ങള്‍ മൂലം സൈബീരിയിയില്‍ ഗ്രീസിനേക്കാള്‍ വലിയൊരു ഭൂപ്രദേശം കത്തിച്ചാമ്പലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രീന്‍പീസ് റഷ്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കാട്ടുതീ നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ അത് നഗരങ്ങളിലേക്ക് പടരുമെന്നും കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്നും ഗ്രീന്‍പീസ് റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.

പലപ്പോഴായി ഉണ്ടായ കാട്ടുതീയിലൂടെ 1.9 കോടി ഹെക്ടര്‍ പ്രദേശം കത്തിനശിച്ചുവെന്ന് സാറ്റലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കി ഗ്രീന്‍പീസ് വിശദീകരിക്കുന്നു. തീപ്പിടിത്തം കൂടുതലും ഉണ്ടായത് റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലും സൈബീരിയയിലുമാണ്. കാട്ടുതീമൂലമുണ്ടായ പുകപടലങ്ങള് സൈബീരിയന് ടൗണുകള്‍ വരെയെത്തി.

ഭൂമിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ വേഗം ചൂടായിക്കൊണ്ടിരിക്കുന്ന സൈബീരിയ ഒരു ക്ലൈമറ്റ് ഹോട്ട്‌സ്‌പോട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രീന്‍പീസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷപ്പുകയില്‍ നിന്ന് നഗരങ്ങളെ രക്ഷിക്കാന്‍ റഷ്യന്‍ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇടിമിന്നല്‍ മൂലം ഉണ്ടാകുന്നുണ്ടെങ്കിലും നദീതീരങ്ങളോട് ചേര്‍ന്നുണ്ടാകുന്ന തീപ്പിടിത്തങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നാണ് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്. കാട്ടുതീ തടയുന്നതില്‍ റഷ്യന് ഭരണകൂടം ഇത്തവണയും പരാജയപ്പെട്ടുവെന്ന് ഇവര്‍ ആരോപിക്കുന്നു. അതേസമയം ഗ്രീന്‍പീസിന്റെ ആരോപണം റഷ്യന്‍ അധികൃതര്‍ തള്ളിക്കളഞ്ഞു.

1.2 കോടി ഹെക്ടര്‍ പ്രദേശത്ത് മാത്രമേ കാട്ടുതീ ഈവര്‍ഷം ഇതുവരെ നാശം വിതച്ചിട്ടുള്ളുവെന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായത് വെച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണെന്നും അധികൃതര്‍ പറയുന്നു. റഷ്യന്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം കാട്ടുതീയുണ്ടായതിന്റെ 9,000 സംഭവങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Top