ലോകത്തെ ഞെട്ടിച്ച ദുരന്ത കാഴ്ച, വനവും വീടുകളും ഗ്രീസിൽ ചാരമായി

ഏതൻസ്: ലോകത്തെ നടുക്കി കാട്ടുതീ പടർന്നപ്പോൾ, ജിവൻ നഷ്ടമായത് അനവധി മനുഷ്യർക്കും വന്യ ജീവികൾക്കും. വനപ്രദേശങ്ങളെ ചാരമാക്കിയാണ് ഗ്രീസിലുടനീളം കാട്ടുതീ പടർന്ന് കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്കാണ് ഇതുവരെ കാട്ടുതീയില്‍ വീടുകള്‍ നഷ്ടമായിരിക്കുന്നത്. നിരവധി വിമാനങ്ങളിലായി 1400ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണയ്ക്കുന്നതിനായി നിലവിൽ പരിശ്രമിക്കുന്നത്. എന്നാൽ കാട്ടു തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.

കൂടുതൽ സേനാംഗങ്ങൾ തീ അണക്കുന്നതിനുള്ള ദൗത്യത്തിൽ ഏർപ്പെട്ടു വരികയാണ്. രക്ഷാപ്രവർത്തനത്തിനിടെ അഗ്‌നിശമന സേനാംഗങ്ങൾ വരെ മരണപ്പെട്ടിട്ടുണ്ട്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു കഴിഞ്ഞു. അതേസമയം ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഗ്രീസിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ഇതൊരു ഭീകരമായ ദുരന്ത’മാണെന്നാണ് ആളിപ്പടരുന്ന അഗ്‌നിഗോളത്തില്‍നിന്ന് രക്ഷപ്പെട്ട പെഫ്‌കോഫ്യോട്ടോ സ്വദേശി കണ്ണീരോടെ വ്യക്തമാക്കിയിരിക്കുന്നത്.

കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതസ്ഥാനത്തെത്തിയ മറ്റൊരു 62കാരന്‍ തന്റെ വീട് കത്തിയമരുന്നത് കണ്ടത് ടിവിയിലൂടെയാണ്. തന്റെ കുട്ടി ഇപ്പോഴും അതിന്റെ ഞെട്ടലില്‍നിന്ന് മോചിതനാകാതെ കരഞ്ഞുകൊണ്ടിരിക്കുകയാണെനാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതു പോലെ അനവധി പേർ സർവ്വതും നഷ്ടപ്പെട്ട ഷോക്കിലാണ്. പരാതി പറയാൻ അറിയാത്ത മൃഗങ്ങളാകട്ടെ ചാരമായും മാറി കഴിഞ്ഞു.

മൂന്ന് വലിയ കാട്ടുതീകളാണ് ഗ്രീസിലുടനീളം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരമായ ഏതന്‍സിന്റെ വടക്കുഭാഗത്താണ് ഏറ്റവും ശക്തമായ തീ പടര്‍ന്നു പിടിച്ചത്. എവിയ ദ്വീപിലും ഒളിമ്പിയയിലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന ഉഷ്ണതരംഗമാണ് ഗ്രീസില്‍ ഇത്തവണ അനുഭവപ്പെട്ടത്. 45 ഡിഗ്രി സെലിഷ്യസിലേക്ക് വരെ താപനില ഉയര്‍ന്നു.

വെള്ളിയാഴ്ചയോടെ താപനിലയില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും, കാറ്റ് ശക്തമായത് സ്ഥിതി കൂടുതല്‍ വഷളാക്കി. കഴിഞ്ഞ ആഴ്ച 154 കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഗ്രീസില്‍ 56,655 ഹെക്ടര്‍ വനഭൂമിയാണ് കത്തി നശിച്ചതെന്നാണ് യുറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

ശക്തമായ കാറ്റും 38 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാതെ നില്‍ക്കുന്ന താപനിലയും, തീ കെട്ടടങ്ങാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രീസില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇത്തവണയാണ് ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തഫലങ്ങളുടെ നേര്‍ക്കാഴ്ചയ്ക്കാണ് ഗ്രീസ് സാക്ഷ്യം വഹിക്കുന്നതെന്നാണ് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കീസ് അറിയിച്ചിരിക്കുന്നത്. അയല്‍ രാജ്യമായ തുര്‍ക്കിയിലേക്കും കാട്ടുതീ പടര്‍ന്ന് വ്യാപക  നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എട്ടോളം പേരാണ് തുര്‍ക്കിയില്‍ മാത്രം കാട്ടുതീയില്‍പ്പെട്ട് മരിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ തുര്‍ക്കിക്ക് വലിയ ആശ്വാസമായിട്ടുണ്ട്. കനത്ത മഴയില്‍ വിവിധയിടങ്ങളിലെ കാട്ടുതീ ശമിച്ചതായാണ് തുർക്കി സർക്കർ അറിയിച്ചിരിക്കുന്നത്. അടുത്ത കാലങ്ങളിലായി, പ്രകൃതി നിരന്തരം കലി തുള്ളന്നതിനെ, ആശങ്കയോടെയാണ് ശാസ്ത്രജ്ഞരും വീക്ഷിക്കുന്നത്. പ്രകൃതിയുടെ മാറുന്ന മുഖം ഭയപ്പെടുത്തുന്നതായാണ് നാസയിലെ പ്രമുഖ ശാസ്ത്രജ്ഞരും തുറന്ന് പറയുന്നത്.

Top