ഇടുക്കിയില്‍ ബൈക്ക് യാത്രക്കിടെ കാട്ടാനയുടെ ചവിട്ടേറ്റ് സ്ത്രീ കൊല്ലപ്പെട്ടു, ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടില്‍വെച്ചാണ് ബൈക്കില്‍ യാത്ര ചെയ്യവെ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ ദാരുണമായി മരണമടഞ്ഞത്. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപെട്ടു. മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ഇരുവരും ഒറ്റയാന്റെ മുന്നില്‍ അകപ്പെട്ടത്. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞുവീണു. ഇതിനിടെ അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു.

കുമാര്‍ ഓടി മാറിയതിനാല്‍ ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top