കാട്ടാന ഭീതിയില്‍ ആറളം ഫാം; കൂട്ടമായെത്തിയത് 14 കാട്ടാനകള്‍

elephant

കണ്ണൂര്‍: കാട്ടാന ഭീഷണിയില്‍ കണ്ണൂര്‍ ആറളം ഫാം. കഴിഞ്ഞ ദിവസം 14 കാട്ടാനകളാണ് കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്തിയത്. ആനകളെ തിരികെ കാടുകയറ്റിയെങ്കിലും ഭീതിയിലാണ് ഫാമിലെ ജനങ്ങള്‍.

ആറളം ഫാമിലെ രണ്ടാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം 14 കാട്ടാനകള്‍ കൂട്ടമായെത്തിയത്. ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീഷണി ഒഴിവായിട്ടില്ല.

ഫാമിലെ ആന മതില്‍ കാട്ടാനക്കൂട്ടം നേരത്തേ തകര്‍ത്തിരുന്നു. കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നിന്ന് ആളുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്.കാട്ടാന ശല്യം ഇവിടുത്തെ കശുവണ്ടി വിളവെടുപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗം തൊഴിലാളികള്‍ കാവല്‍ നിന്നാണ് കശുവണ്ടി ശേഖരിക്കുന്നത്.

ഒരു വര്‍ഷംകൊണ്ട് 3 കോടി രൂപയുടെ വിളനഷ്ടമാണ് വന്യമൃഗങ്ങള്‍ ഫാമിനുണ്ടാക്കിയത്. ഫാമില്‍ കാളികയം മുതല്‍ കക്കുവ വരെ 17 കിലോമീറ്ററില്‍ കാട്ടാന പ്രതിരോധ സംവിധാനം ഒരുക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Top