പ്രമുഖ പോപ്പ് ഗായിക ഷക്കീരയ്‌ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം

ബാഴ്‌സിലോന: പ്രശസ്ത പോപ്പ് ഗായിക ഷക്കീരയ്‌ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം. ഇവര്‍ താമസിക്കുന്ന സ്‌പെയിനിലെ ബാഴ്‌സിലോനയിലെ ഒരു പാര്‍ക്കിലൂടെ മകന്റെ കൂടി നടക്കുമ്പോഴാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ഷക്കീരയുടെ ബാഗ് നഷ്ടപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആക്രമണം സംബന്ധിച്ച് ഷക്കീര തന്നെ വിവരങ്ങള്‍ നല്‍കുന്നുണ്ട്. പിന്നീട് ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ഇട്ട ബാഗ് ലഭിച്ചെങ്കിലും, പല സാധാനങ്ങളും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിരുന്നു. 8 വയസുള്ള മകന്‍ മിലാനോടൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉണ്ട്.

കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സയില്‍ കാട്ടുപന്നി ആക്രമണം വലിയ വിഷയമാകുകയാണ്. ആയിരക്കണക്കിന് കേസുകളാണ് സ്പാനീഷ് നഗരത്തില്‍ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യാത്ര വാഹനങ്ങളെ ആക്രമിക്കുക, വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് കേസുകള്‍. അധികൃതര്‍ക്ക് നേരിട്ട് പന്നികളെ വെടിവച്ച് കൊല്ലാന്‍ ബാഴ്‌സിലോണയില്‍ അനുമതിയുണ്ട്.

നഗരങ്ങളിലെ മാലിന്യങ്ങള്‍ ഭക്ഷണമാക്കുവനാണ് പ്രധാനമായും കാട്ടുപന്നികള്‍ കൂട്ടമായി നഗരത്തില്‍ എത്തുന്നത്. അതേ സമയം യൂറോപ്പില്‍ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നവെന്നും റിപ്പോര്‍ട്ടുണ്ട്. ജര്‍മ്മനിയില്‍ ബെര്‍ലിന്‍, ഇറ്റലിയിലെ റോം എന്നിവിടങ്ങളില്‍ കാട്ടുപന്നികള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

Top