കാട്ടാന ആക്രമണം; വയനാട്ടില്‍ ശനിയാഴ്ച ഹര്‍ത്താല്‍

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ തുടര്‍ച്ചയായി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു.ഡി.എഫും. എല്‍.ഡി.എഫും. ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആചരിക്കുകയെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.

കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്ന് പേര്‍കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. ഹര്‍ത്താല്‍.

കഴിഞ്ഞ ശനിയാഴ്ച ബേലൂര്‍ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പടമല ചാലിഗദ്ദയില്‍ അജീഷിന് ജീവന്‍ നഷ്ടമായിരുന്നു. വെള്ളിയാഴ്ച കുറുവാദ്വീപിലെ വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരന്‍ വി.പി. പോള്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Top