കാട്ടാന ആക്രമണം; അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാരിന്റെ ധനസഹായം

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം നൽകും. കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവർക്ക് നൽകുന്ന അതേ തുക നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേയാണ് ധനസഹായം പ്രഖ്യാപിച്ചത്.

മന്ത്രി തന്നെ കുടുംബത്തിന് ധനസഹായം കൈമാറും. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ തുറന്നു വിട്ട ബേലൂർ മഗ്നയാണ് അജീഷിനെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

അതേസമയം, ബേലൂർ മഗ്ന ദൗത്യം പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്. ആന കർണാടക വനാതിർത്തി വിട്ട് നാഗർഹോള വനത്തിൽ കടന്നു. വനാതിർത്തിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് നിലവിൽ ആനയുടെ സ്ഥാനം. കർണാടക വനത്തിലൂടെ സഞ്ചരിക്കുന്ന ആന കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങുകയാണ്. ഇത് രണ്ടാം തവണയാണ് ആന കർണാടക അതിർത്തിയിലെത്തുന്നത്.

ബേലൂർ മഗ്ന കർണാടക വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ല. രാത്രിയോടെ തിരിച്ചു വന്നേക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ. കൂടെ ഉണ്ടായിരുന്ന മോഴയാന ഇന്നലെ മുതൽ ബേലൂർ മഗ്നക്കൊപ്പമില്ല. കർണാടക വനത്തിൽ കയറി കേരള വനം വകുപ്പിന് ആനയെ മയക്കുവെടി വെക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ പ്രതിസന്ധി തുടരുകയാണ്.

Top