സിദ്ധിഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യയുടെ കത്ത്

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യവാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും അവര്‍ പറഞ്ഞു.

യു.പി. പൊലീസ് പറയുന്നത് കള്ളമാണെന്ന് റെയ്ഹാനത്ത് പറഞ്ഞു. യു.പി.പൊലീസ് കള്ളക്കഥകള്‍ തുടരുകയാണ്. സിദ്ധിഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന് ആദ്യം പരിശോധിക്കട്ടെ. ഹാത്രാസിലേക്ക് പോകാന്‍ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കാന്‍ യു.പി.പൊലീസ് സിദ്ധിഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് പറഞ്ഞു.

മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് അല്ല. ഒരു രാഷ്ടീയ പാര്‍ട്ടിയുമായും പ്രത്യേകിച്ച് മമതയില്ല. സിദ്ദീഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്.

യു.പി. പൊലീസ് ഓരോ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എല്ലാം കളവാണ്. സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോള്‍ ചെയ്യാനോ അനുവദിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ചെയ്യാന്‍ അനുമതിയുണ്ട്. പക്ഷെ നേരിട്ട് കാണാന്‍ കഴിയുന്നില്ലെന്നും റെയ്ഹാനത്ത് പറഞ്ഞു.

Top