ഭര്‍ത്താവിന്‍റെ ഫോണിൽ രഹസ്യ പരിശോധന ; യുവതിക്ക് 1 ലക്ഷം പിഴ

റാസൽ ഖൈമ ;  ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. അറബ് വനിതയ്ക്കാണ് 5400 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചത്. റാസൽ ഖൈമ സിവിൽ കോടതിയാണ്‌ യുവതിക്ക് പിഴ ശിക്ഷ വിധിച്ചത്. ഭർത്താവിന്റെ ഫോണ്‍ പരിശോധിച്ച്‌ അതിലെ ചിത്രങ്ങളും റെക്കോഡിംഗുകളും മറ്റുള്ളവരുമായി പങ്കുവച്ചത് ഭർത്താവിന്റെ സ്വകാര്യത ലംഘനം തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.

ഭാര്യ തന്റെ ഫോൺ പരിശോധിച്ചെന്നും , തന്നെ അപമാനിച്ചെന്നും കാട്ടി ഭർത്താവാണ് കോടതിയെ സമീപിച്ചത് .ഭാര്യയുടെ നടപടി തനിക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും , ജോലിക്ക് പോകാൻ കഴിയാത്തതിനാൽ ശമ്പളം നഷ്ടപ്പെട്ടുവെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. അറ്റോര്‍ണി ഫീസ് പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഭർത്താവ് അവകാശപ്പെട്ടിരുന്നു. വാദം കേട്ട കോടതി ഭര്‍ത്താവിന്‍റെ സ്വകാര്യതയെ ലംഘിക്കുന്ന നീക്കങ്ങളാണ് ഭാര്യ നടത്തിയതെന്ന് തെളിവുകളിലൂടെ വ്യക്തമായി എന്നാണ് അറിയിച്ചത്.

അതേസമയം പരാതിക്കാരനായ ഭര്‍ത്താവ് തന്‍റെ കക്ഷിയെ അധിക്ഷേപിച്ചെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതിക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി കോടതിയില്‍ വാദിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

തെളിവുകളുടെ അടിസ്ഥാനത്തിൽ, നിയമപരമായ ഫീസുകൾക്കും ചെലവുകൾക്കും പുറമേ ഭർത്താവിന് നഷ്ടപരിഹാരമായി 5,431 ദിർഹം നൽകാനുമാണ് കോടതി ഭാര്യയോട് നിർദേശിച്ചത് .

Top