ബംഗാളില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂലില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധിപ്പേര്‍ ബിജെപിയില്‍ ചേര്‍ന്നതിനിടെയാണ് ബിജെപി എംപിയുടെ ഭാര്യ തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ആണ് പാര്‍ട്ടി വിട്ടത്.

2014ല്‍ സൗമിത്ര ഖാന്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗമിത്ര ഖാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഭാര്യ സുജാത ആയിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സൗമിത്ര ഖാന്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് സുജാത പ്രചാരണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

എനിക്ക് ശ്വസിക്കണം, എനിക്ക് ബഹുമാനം വേണം, കരുത്തുള്ള നേതാവും പാര്‍ട്ടിയും വേണം. അതിനായി സ്‌നേഹം നിറഞ്ഞ ദീതിയോടൊപ്പം പ്രവര്‍ത്തിക്കണം. പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ അഴിമതിക്കാരാണ്. അവര്‍ യോഗ്യരല്ല. എന്നാല്‍ അത്തരക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു’-സുജാത പറഞ്ഞു. ഭര്‍ത്താവിനെ ലോക്‌സഭയിലെത്തിക്കാന്‍ അക്രമങ്ങള്‍ക്ക് പോലും ഇരയാകേണ്ടി വന്നു. എന്നാല്‍ തിരിച്ചൊന്നും ലഭിച്ചില്ല. ഭര്‍ത്താവ് എന്ത് തീരുമാനിക്കുമെന്ന് അറിയില്ലെന്നും ഒരു ദിവസം യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അവര്‍ പറഞ്ഞു.

Top