ഭാര്യയെ കൊന്നു, സംശയിക്കാതിരിക്കാന്‍ കൂട്ടുകാരിക്ക് വാട്‌സാപ്പ് സന്ദേശമയച്ച് ഭര്‍ത്താവ്

കൊല്ലം : കുണ്ടറ മുളവനയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം സംശയം ഉണ്ടാകാതിരിക്കാന്‍ വൈശാഖ് ഭാര്യ കൃതിയുടെ മൊബൈല്‍ഫോണില്‍ നിന്നും കൂട്ടുകാരികള്‍ക്ക് വാട്‌സാപ്പ് വഴി വഴി സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് കണ്ടെത്തി.

”ഞാനും ഭര്‍ത്താവുമായി നിലനിന്നിരുന്ന വഴക്ക് അവസാനിച്ചു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വൈശാഖ് ഇട്ടു”, എന്നുമായിരുന്നു സന്ദേശങ്ങള്‍. എന്നാല്‍ സന്ദേശങ്ങളില്‍ ദുരൂഹത തോന്നിയ കൃതിയുടെ കൂട്ടുകാരി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

മോള് വോയ്‌സ് മെസ്സേജാ അയക്കാറ്. സന്ദേശങ്ങള്‍ ടൈപ്പ് ചെയ്ത രീതി വേറെയാ. അതോടെ ആ പെണ്‍കുട്ടിക്ക് സംശയം തോന്നി. നീയെന്താ സംസാരിക്കാത്തേ എന്ന് വോയ്‌സ് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു, അതിന് മറുപടി പറഞ്ഞില്ലെന്നും കൃതിയുടെ അച്ഛന്‍ മോഹനന്‍ പറയുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും വൈശാഖ് സന്ദേശം അയച്ചതായി സമ്മതിച്ചിട്ടുണ്ട്. കൃതിയുടെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണന്ന് കൃതിയുടെ അച്ഛന്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. വൈശാഖ് ഇപ്പോള്‍ റിമാന്റിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

Top