അവിഹിത ബന്ധമുണ്ടെന്നാരോപിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചു

-accident

റായ്പൂര്‍ : അവിഹിത ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണത്തെ തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥ വെടിയുതിര്‍ത്തു. ആര്‍ പി എഫ് ഇന്‍സ്‌പെക്ടറായ സുനിതാ മിഞ്ച് എന്ന 39 കാരിയാണ് തര്‍ക്കത്തിനിടെ ഭര്‍ത്താവ് ദീപക് ശ്രീവാസ്തവയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഛത്തീസ്ഗഡിലെ ഭട്ടാപര ജില്ലയിലാണ് സംഭവം നടന്നത്.

സംഭവ ദിവസം ഡ്യൂട്ടി സമയത്ത് സുനിതയെ കാണാനായി റെയില്‍വേയിലെ തന്നെ ഉദ്യോഗസ്ഥനായ ദീപക് എത്തി. സുനിതക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ദീപക് ആരോപിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.

തര്‍ക്കത്തിനിടെ രോഷം പൂണ്ട സുനിത സര്‍വ്വീസ് റിവോള്‍വര്‍ എടുത്ത് ദീപക്കിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപക്കിന്റെ ഇടുപ്പില്‍ രണ്ട് വെടിയുണ്ടകള്‍ തറച്ചുകയറി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തു.

Top