ഭാര്യ സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്

കൊല്‍ക്കത്ത: അനുമതിയില്ലാതെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ഭര്‍ത്താവ് രാജേഷ് ഝായും അക്രമികളിലൊരാളായ സുരജിത്തും ആണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.

കഴുത്തിന് സാരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് സംഭവം നടന്നത്. രാത്രി വീടിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ പോയ ഭര്‍ത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടര്‍ന്ന് യുവതി അന്വേഷിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് ഗുണ്ടകള്‍ ചേര്‍ന്ന് അവരെ ആക്രമിച്ചത്.

തുടര്‍ന്ന് പരിക്കേറ്റ യുവതി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഒരു ഗുണ്ടയെയും ഇവര്‍ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അയാള്‍ അത് നിരസിക്കുകയായിരുന്നു. പിന്നീട് ട്യൂഷനെടുത്ത് കിട്ടിയ പണം ഉപയോഗിച്ച് ഈ മാസം ഒന്നാംതിയതിയാണ് അവര്‍ പുതിയ ഫോണ്‍ വാങ്ങിയത്. ഇതറിഞ്ഞ് പ്രകോപിതനായ ഭര്‍ത്താവ് അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു.

Top