റോഡരികില്‍ വെച്ച് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കോഴിക്കോട്: ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമ എന്ന യുവതിയെയാണ് ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് രമയുടെ ഭര്‍ത്താവായ ഷനോജ് കുമാര്‍ എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ കയറി. ഇതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രമ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. ഇവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താനുള്ള ശ്രമം നടന്നത്.

ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതക ശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പോലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top