ഇടുക്കിയിൽ കിടന്നുറങ്ങിയിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിൽ

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിൽ കിടന്നുറങ്ങിയിരുന്നയാളെ അർധരാത്രിയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. അയൽവാസിയായ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവർ ഭർത്താവിനെ ആക്രമിച്ചത്. ആക്രമിച്ച സംഘത്തിലെ നാലു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. വണ്ടിപ്പെരിയാർ വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലാണ് ഭാര്യ അഷീറ ബീവി മകൻ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് ഹസ്സൻ എന്നിവരെ പോലീസ് പിടികൂടിയത്.

ഈ മാസം 16 ന് രാത്രി ഒന്നരയോടെയാണ് വീട്ടിൽ ഒറ്റക്ക് കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാലംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിൽ വഴിത്തിരിവുണ്ടായത്. ഹിന്ദുവായിരുന്ന സത്യരാജ് എറണാകുളം സ്വദേശിയായ അഷീറ ബീവിയെ കല്യാണം കഴിച്ചതോടെ ഇസ്ലാം മതവും അബ്ബാസ് എന്ന പേരും സ്വീകരിച്ചിരുന്നു. അടുത്ത കാലത്തായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. പല തവണ പിണങ്ങുകയും ഒന്നിയ്ക്കുകയും ചെയ്തു. അബ്ബാസ് പലപ്പോഴും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടന്നാണ് അഷീറയുടെ പരാതി.

ഇക്കാര്യം അഷീറയുടെ കുടുംബ വീട്ടിൽ കഴിഞ്ഞിരുന്ന അയൽവാസിയായ ഷെമീറിനെ അറിയിച്ചു. തുടർന്നാണ് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടത്. സംഭവ ദിവസം രാത്രി പന്ത്രണ്ടരയോടെ അഷീറയും മകനും വണ്ടിപ്പെരിയാറിൽ ഷമീറും സംഘവുമെത്താൻ കാത്തു നിന്നു. ഇവരോടൊപ്പം വള്ളക്കവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിൻഭാഗത്തെ വാതിൽ തൊട്ടടുത്തുള്ള ജനാലയിലൂടെ കൈകടത്തി തുറന്ന് നൽകി.

ഷെമീറും സംഘവും അബ്ബാസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം അഷീറയും മകനുമായി എറണാകുളത്തേക്ക് മടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാനും ഇവരുണ്ടായിരുന്നു. സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. അബ്ബാസിനെ വെട്ടിപ്പരിക്കേൽപ്പിച്ച നാല് പേരെയും ഉടൻ പിടികൂടുമെന്നും ഇവർക്കായി അന്വേഷഷണം നടക്കുകയാണെന്നും വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.

Top