കുടുംബതര്‍ക്കം: യുവാവിനെ വാഹനത്തിന് പിന്നില്‍ കെട്ടിവലിച്ചു

സൂററ്റ്:കുടുംബ തര്‍ക്കത്തിനെ തുടര്‍ന്ന് ഭാര്യയും ഭാര്യസഹോദരനും ചേര്‍ന്ന് യുവാവിനെ ടെംപോയില്‍ കെട്ടിവലിച്ചിഴച്ചു. സംഭവത്തില്‍ ഭാര്യ ശീതളിനെയും ഭാര്യ സഹോദരന്‍ അനിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ് ഈ ദാരുണമായ സംഭവമുണ്ടായത്. ബാല്‍കൃഷ്ണ റാത്തോഡ് എന്ന യുവാവിനെയാണ് അരകിലോമീറ്റര്‍ ദൂരത്തോളം വാഹനത്തില്‍ കെട്ടിവലിച്ചത്. ബാല്‍കൃഷ്ണ റാത്തോഡിന്റെ ഭാര്യ ശീതളിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി കഡോദര പൊലീസ് അറിയിച്ചു.

മില്‍ തൊഴിലാളിയാണ് ബാല്‍കൃഷ്ണ. മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യ ശീതളിനെ മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ശീതള്‍ സഹോദരന്‍ അനിലിനെ വിളിച്ചു വരുത്തി. എന്നാല്‍ ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമായത് കാരണം അനില്‍ ബാല്‍കൃഷ്ണയെ മര്‍ദ്ദിക്കുകയും ടെംപോയില്‍ കെട്ടി വലിക്കുകയുമായിരുന്നു. സംഭവം കണ്ടു നിട്ട പ്രദേശവാസികളാണ് ടെംപോ നിര്‍ത്തിച്ച് ബാല്‍ കൃഷ്ണയെ രക്ഷിച്ചത്. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടര്‍ന്നു ഗുരുതരമായി പരുക്കേറ്റ ബാല്‍കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്‍കൃഷ്ണയുടെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.

Top