സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 

സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും പരക്കെ ഇന്ന് ശക്തമായ മഴയ്ക്കും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യല്ലോ മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ബുധന്‍ രാവിലെ വരെ വടക്ക് ദിശയിയില്‍ സഞ്ചരിച്ചു തുടര്‍ന്ന് വടക്ക് – വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര കച്ച് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വ്യാഴാഴ്ച്ചയോടെ ഗുജറാത്തിലെ മണ്ഡവിക്കും പാകിസ്താനിലെ കറാച്ചിക്കും ഇടയില്‍ മണിക്കൂറില്‍ പരമാവധി 150 കിമി വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.സൗരാഷ്ട്ര – കച്ച് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ടമായ യല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Top