ഇന്ധനവില രൂക്ഷമായി ഉയര്‍ന്നതോടെ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം

പാരീസ്: ഇന്ധനവില രൂക്ഷമായി ഉയര്‍ന്നതോടെ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന് മാസ വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോ സഹായമാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് ഫ്രാന്‍സില്‍ 1.62 യൂറോയാണ് വില. ഇന്ത്യന്‍ രൂപയില്‍ 141 രൂപ വരും. ഡീസലിന് ലിറ്ററിന് 136 രൂപയ്ക്ക് അടുത്തുവരും ഫ്രാന്‍സിലെ വില. ഇന്ധന നികുതി വര്‍ദ്ധനവാണ് വിലകയറ്റത്തിന് കാരണം എന്നതാണ് ജനങ്ങളുടെ രോഷത്തിന് കാരണം. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന നികുതി 60 ശതമാനം കൂട്ടി. എന്നാല്‍ വില വര്‍ദ്ധനവ് സാധാരണക്കാരെ ബാധിച്ചതോടെയാണ് സഹായധനം പ്രഖ്യാപിച്ചത്.

ഒറ്റത്തവണയാണ് 100 യൂറോ സഹായം. ഇന്ത്യന്‍ രൂപയില്‍ എണ്ണായിരം രൂപ വരും. വാഹനമില്ലാത്തവര്‍ക്കും സഹായം ലഭിക്കും. കുടുംബ വരുമാനം പരിഗണിക്കാതെ വ്യക്തിയുടെ വരുമാനം പരിഗണിച്ചാണ് ധനസഹായം നല്‍കുക എന്നാണ് ഫ്രഞ്ച് ഗവണ്‍മെന്റ് അറിയിക്കുന്നത്.

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബറിലും, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ജനുവരിയിലും സഹായധനം വിതരണം ചെയ്യും. 3.8 ബില്ല്യണ്‍ യൂറോയാണ് ഇതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ ഇന്ധനവില ഉയരുന്നു എന്ന യഥാര്‍ത്ഥ പ്രശ്‌നം ഈ സഹായധനത്താല്‍ മാറില്ലെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒപ്പം തന്നെ പെട്രോള്‍ ഡീസല്‍ സ്‌റ്റേഷനുകള്‍ ഉപരോധിച്ചും സമരം നടന്നിരുന്നു. അടുത്ത് തന്നെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനരോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ സഹായധനത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Top