ഇന്ത്യ അമേരിക്കയുടെ ചേരിയില്‍; യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം

ഡല്‍ഹി: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി നാളെ ധര്‍ണ്ണ നടത്തും. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ത്തെന്ന് കോണ്‍ഗ്രസും
ആരോപിച്ചു.

ഹമാസിനെ അപലപിക്കാത്തതു കൊണ്ടാണ് പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. സംഘര്‍ഷം പരിഹരിക്കണം എന്ന നിര്‍ദ്ദേശം വെച്ചെങ്കിലും വെടിനിര്‍ത്തല്‍ ഇന്ത്യ ആവശ്യപ്പെട്ടില്ല. ജോര്‍ദ്ദന്‍ കൊണ്ടു വന്ന പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ മാറി നിന്നു.

എന്നാല്‍ ഹമാസ് ഭീകരതയെ തള്ളിപ്പറയണം എന്ന കാനഡയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്തു. ഇന്ത്യയുടെ നിലപാട് പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. ഇന്ത്യ പിന്തുടര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണീ നിലപാടെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പലസ്തീനില്‍ സാധാരണക്കാര്‍ മരിക്കുമ്പോള്‍ ഇന്ത്യ നോക്കു കുത്തിയാകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ത്യ അമേരിക്കയുടെ ചേരിയിലാണെന്ന് വ്യക്തമായെന്ന് സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ നാളെ ധര്‍ണ്ണ നടത്തും. ഹമാസ് ഭീകരസംഘടനയാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഭീകരവാദം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നതു കൊണ്ടാണ് വിട്ടുനിന്നത് എന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ പോലും ഇന്ത്യ ഇക്കാര്യത്തില്‍ ഒറ്റപ്പെടുകയാണ്. ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്.

Top