രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണം തുടരണം

ന്യൂഡല്‍ഹി: രാജ്യത്ത് 44 ദിവസത്തിനിടെ ആദ്യമായി പ്രതിദിന രോഗസംഖ്യ രണ്ടു ലക്ഷത്തില്‍ താഴെയായി. കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു തുടങ്ങി. രാജ്യത്ത് 24 മണിക്കൂറിനിടെ 186364 പുതിയ കൊവിഡ് രോഗികളും മരണം 3664 സ്ഥിരീകരിച്ചു. ഇപ്പോള്‍ രാജ്യത്ത് ആകെ 2.76 കോടി കൊവിഡ് രോഗികളുണ്ട്. മരണം 3.2 ലക്ഷവുമായി.

നിലവില്‍ ചികിത്സയിലുള്ളത് 23.43 ലക്ഷം പേര്‍. മെയ് പത്തിന് 37.45 ലക്ഷം പേരായിരുന്നു. 15ാം ദിവസവും രോഗമുക്തരുടെ എണ്ണം രോഗികളുടേതിനെക്കാള്‍ കൂടുതലുണ്ട്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.42 ശതമാനം. പ്രതിദിന നിരക്ക് 9 ശതമാനമാണ്. 24 മണിക്കൂറിനിടെ കൂടുതല്‍ മരണം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 884 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടക- 474, തമിഴ്‌നാട്- 474, യുപി- 187, പഞ്ചാബ്-177, ബംഗാള്‍- 148, ഡല്‍ഹി- 117, ആന്ധ്ര- 104 എന്നിങ്ങനെയാണ് മരണം.

അടച്ചിടല്‍ നടപടി ജൂണ്‍ 30 വരെ തുടരണമെന്നും നിയന്ത്രണം ഘട്ടങ്ങളായി മാത്രമേ പിന്‍വലിക്കാവു എന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലത്തും 60 ശതമാനം ഐസിയു കിടക്കയിലും രോഗികളുള്ളയിടങ്ങളിലും നിയന്ത്രണം തുടരണം.

 

Top