യുക്രെയിന്‍ നഗരങ്ങളില്‍ വ്യാപക ആക്രമണം; വളഞ്ഞിട്ടാക്രമിച്ച് റഷ്യ

കീവ്: യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യയുടെ വ്യാപക ആക്രമണം. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായി. പ്രധാന നഗരമായ സുമിയിലുണ്ടായ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. യുക്രെയിന്‍-റഷ്യന്‍ സൈനികരും, ഏഴ് വയസുള്ള കുട്ടിയടക്കം ഏഴ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

കീവില്‍ ഉണ്ടായ ആക്രമണത്തില്‍ കുട്ടികളെ ചികിത്സിക്കുന്ന അര്‍ബുദ ആശുപത്രി തകര്‍ന്നു. കാര്‍കീവില്‍ ഗ്യാസ് പൈപ് ലൈനിന് നേരെ റഷ്യയുടെ ആക്രമണമുണ്ടായി. വാസില്‍കീവില്‍ എണ്ണസംഭരണ ശാലയില്‍ പൊട്ടിത്തെറിയുണ്ടായി. റെയില്‍വേ സ്‌റ്റേഷനുകളില്‍ അഭയം തേടിയ ആളുകളെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കാര്‍കീവില്‍ നിയന്ത്രണം കൈവിട്ടിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. 3500 റഷ്യന്‍ സൈനികരെ വധിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്‌തെന്നാണ് യുക്രെയിനിന്റെ അവകാശവാദം.

യുക്രെയിന്‍-റഷ്യ റെയില്‍വേ ശൃഖല വിച്ഛേദിച്ചു. കീവിലേക്ക് റഷ്യന്‍ സൈന്യം എത്തുന്നത് തടയാനാണ് യുക്രെയിന്‍ റെയില്‍വേ ബന്ധം തകര്‍ത്തത്. റഷ്യന്‍ സേന സപ്പോരിജിയ ആണവ നിലയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോരിജിയയിലേത്.

Top