വഖഫ്: വാശിയില്ല; വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദേശമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്‌സിക്കു നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും അത്തരമൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടണമെങ്കിൽ സ്പെഷൽ റൂൾസ് രൂപീകരിക്കണം.

ഇതു സംബന്ധിച്ച് പിഎസ്‍‌സിയുടെ അഭിപ്രായം തേടണം. ദേവസ്വം ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതിനു മുൻപായി സർക്കാർ അഭിപ്രായം തേടിയിരുന്നു. പ്രത്യേക മത വിഭാഗത്തിൽപ്പെട്ട കുറച്ച് ഉദ്യോഗാർഥികൾക്കു മാത്രം ബാധകമായതിനാൽ റിക്രൂട്ട്മെന്റ് ചുമതല ഏറ്റെടുക്കുന്നതിലെ അസൗകര്യം പിഎസ്‌സി ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിച്ചത്. വഖഫ് ബോർഡിലെ നിയമനങ്ങൾക്കും പ്രത്യേക ബോർഡ് രൂപീകരിക്കാനാണു സാധ്യത.

 

Top