വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എം എസ് ധോണി തുടരണമെന്ന് വീരേന്ദര്‍ സെവാഗ്

sevag

ന്യൂഡല്‍ഹി : അടുത്ത ഏകദിന ലോകകപ്പ് വരെയെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് എം എസ് ധോണി തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. സമീപകാലത്തായി ഏകദിനങ്ങളില്‍ ധോണിയുടെ പ്രകടനം മികച്ചതല്ലെങ്കിലും യുവതാരം റിഷഭ് പന്തിനെ ഇപ്പോഴെ അദ്ദേഹത്തിന്റെ പകരക്കാരനായി ടീമിലെടുക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സെവാഗ് പറഞ്ഞു.

റിഷഭ് പന്ത് തന്നെയാണ് ധോണിയുടെ പിന്‍ഗാമിയാവേണ്ടതെന്നും, പക്ഷെ ഇപ്പോള്‍ പന്തിനെ ടീമിലെടുത്താലും ലോകകപ്പിന് മുമ്പ് 1516 മത്സരങ്ങള്‍ മാത്രമെ പന്തിന് കളിക്കാനാവുയെന്നും സെവാഗ് പറഞ്ഞു. എന്നാല്‍ ധോണിക്ക് 300 മത്സരങ്ങളുടെ പരിചയസമ്പത്തുണ്ടെന്നും, പന്തിന് കൂടുതല്‍ സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമായിരിക്കുമെന്നും, ധോണി വിരമിച്ചശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റിഷഭ് പന്തിനെ കൊണ്ടുവരുന്നതാണ് ഉചിതമെന്നും സെവാഗ് വ്യക്തമാക്കി.

ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാവാനുള്ള പ്രതിഭ പന്തിനുണ്ടെന്നും, അതുകൊണ്ടുതന്നെ ധോണി ഗ്ലൗസൗരുമ്പോള്‍ പന്തിനെ ചുമതല ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും, ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്കാവുമെന്നും സെവാഗ് പറഞ്ഞു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ നിലവാരമെടുത്താല്‍ ശ്രീലങ്ക ഇപ്പോള്‍ പഴയ ടീമല്ല, പാക്കിസ്ഥാനാകട്ടെ സ്ഥിരതയില്ലെന്നും, സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീം കീരീടം നേടാനാണ് സാധ്യതയെന്നും സെവാഗ് സൂചിപ്പിച്ചു.

Top