താരങ്ങളുടെ അനുമോദനം എന്തിന് ? നൽകേണ്ടത് മാന്യമായ ശമ്പളമാണ്

സൂപ്പര്‍ താരങ്ങളുടെ അനുമോദനമല്ല, ജീവിക്കാന്‍ ശമ്പളമാണ് നഴ്‌സുമാര്‍ക്ക് ഇനി നല്‍കേണ്ടത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ മിക്ക സ്വകാര്യ ആശുപത്രികളും,നഴ്‌സുമാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. ആശുപത്രി മുതലാളിമാര്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ നഴ്‌സുമാരാണ് ഇവിടെ ജീവന്‍ മരണ പോരാട്ടം നടത്തുന്നത്.

സിനിമാ താരങ്ങളെ കൊണ്ട് നഴ്‌സുമാരെ വിളിപ്പിക്കുന്ന തട്ടിപ്പ് ഏര്‍പ്പാട്, ആശുപത്രി ഉടമകള്‍ ഇനിയെങ്കിലും നിര്‍ത്തണം. അത് അവര്‍ക്ക് ആശ്വാസമല്ല, അരോജകമാണ് സൃഷ്ടിക്കുക. മാനേജുമെന്റുകള്‍ വീഡിയോയിലൂടെ പുകഴ്ത്തിയല്ല, മാന്യമായ ശമ്പളം നല്‍കിയാണ് കടമകള്‍ നിറവേറ്റേണ്ടത്. സിനിമാ താരങ്ങള്‍ വിളിച്ചത് കൊണ്ട് നഴ്‌സമാരുടെ പട്ടിണിയും കഷ്ടപ്പാടുകളുമൊന്നും മാറാന്‍ പോകുന്നില്ല. നഴ്‌സുമ്മാര്‍ക്കുമുണ്ട് കുടുംബം. അക്കാര്യം കൂടി നിങ്ങള്‍ ഓര്‍ത്തുകൊളളണം.

ലോകത്തിന് തന്നെ മാതൃക തീര്‍ത്താണ് കേരളത്തില്‍ നഴ്‌സുമാര്‍ കൊവിഡ് പ്രതിരോധം മുന്നില്‍ നിന്ന് നയിക്കുന്നത്. ജീവന്‍ പണയംവച്ച് രോഗികളെ പരിചരിക്കുമ്പോഴും മതിയായ സുരക്ഷ പോലും പലപ്പോഴും ഇവര്‍ക്ക് അന്യമാണ്.

പരമാവധി അകന്നുനില്‍ക്കണമെന്നിരിക്കെ, പ്രായമായ രോഗിയെ അടുത്ത് പരിചരിച്ച കോട്ടയത്തെ നഴ്‌സ് രേഷ്മയ്ക്ക് കൊവിഡ് രോഗമേറ്റുവാങ്ങേണ്ടി വന്നിരുന്നു. നാടാവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്കും, കടല്‍ കടന്നുമൊക്കെ എത്തിയതും ഇതേ നഴ്‌സുമാരാണ്.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാലും പിന്നെയുമുണ്ട് നഴ്‌സുമാര്‍ക്ക് പരീക്ഷണകാലം.പൊള്ളിക്കുന്ന ക്വാറന്റൈന്‍ ദിനങ്ങളാണത്.

ഒരു നഴ്‌സിംങ് ദിനം കൂടി കടന്നു പോകുമ്പോള്‍, ആറോളം മലയാളി നഴ്‌സുമാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിട പറഞ്ഞിരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിന്റെ രക്തസാക്ഷികളാണിവര്‍.മുന്‍പ് നിപ്പക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ നഴ്‌സ് ലിനിയുടെ ഓര്‍മ്മകള്‍ ഇന്നും മലയാളികളുടെ നൊമ്പരമാണ്.നിപ്പക്ക് ശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത മഹാ ദൗത്യമാണ് കോവിഡ് പ്രതിരോധം. അതിനായാണ് ഉറക്കമില്ലാതെ നഴ്‌സുമാര്‍ ഉള്‍പ്പെടെ പരിശ്രമിക്കുന്നത്. രോഗികളുമായി ഏറ്റവും കൂടുതല്‍ ഇടപെടുന്നത് നഴ്‌സുമാരായതിനാല്‍ പലപ്പോഴും വലിയ റിസ്‌ക്ക് എടുക്കുന്നതും അവര്‍ തന്നെയാണ്. ഇവര്‍ക്ക്് ശമ്പളം കൂടി നിഷേധിക്കപ്പെടുന്നത് വലിയ അനീതിയാണ്.

ഇന്ത്യന്‍ നഴ്‌സിംങ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 18 ലക്ഷം പേരാണ് രജിസ്‌ട്രേഡ് നഴ്‌സുമാര്‍ , ഇതില്‍ 15 ലക്ഷത്തിലധികവും മലയാളികളാണ്. 12 ലക്ഷത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ വിദേശത്ത് ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറും കണക്കാക്കുന്നത്. പ്രതിവര്‍ഷം 20,000 പേരാണ് നഴ്‌സിംങ് കോഴ്‌സ് പൂര്‍ത്തികരിച്ച് ഇറങ്ങുന്നത്.

കേരളത്തിലെ 1,100 ഓളം സ്വകാര്യ ആശുപത്രികളില്‍, 100ല്‍ താഴെ മാത്രമേ ഇപ്പോഴും, ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിട്ടുളളൂ. 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന് നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍, ഭൂരിപക്ഷ മാനേജ്‌മെന്റുകളും ഇതുവരെ തയ്യാറായിട്ടില്ല. പലയിടത്തും 6000 ത്തിനും 15000 ത്തിനും ഇടയിലാണ് ശമ്പളം. ഈ കുറഞ്ഞ ശമ്പളം പോലുമാണ് നിലവില്‍ നല്‍കാതിരിക്കുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 8000 ത്തോളം നഴ്‌സുമാര്‍ മാത്രമാണുള്ളത്. ഇവര്‍ക്കാകട്ടെ നല്ല ശമ്പളവുമാണ്. 35,000 മുതലാണ് അടിസ്ഥാന ശമ്പളം. ഇതിനേക്കാള്‍ എത്രയോ ഇരട്ടി പേരാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്ത് വരുന്നത്.

കേരളത്തില്‍ ശമ്പളം കൂട്ടിയാല്‍ മാത്രമേ ഇന്ത്യയില്‍ എല്ലായിടത്തും ശമ്പള വര്‍ധനവുണ്ടാകുകയുള്ളൂ.

അതല്ലങ്കില്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും, നഴ്‌സുമാരെ കിട്ടാത്ത അവസ്ഥയാണ് വരിക.

ഏറ്റവും കൂടുതല്‍ ആശുപത്രികള്‍ കേരളത്തില്‍ നടത്തുന്നത്, ജാതി – മത- രാഷ്ട്രീയ ശക്തികളാണ്.

ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വകാര്യ ആശുപത്രികള്‍ കോടികള്‍ നല്‍കുമ്പോള്‍, നഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളവുമില്ല, മറ്റ് സൗകര്യവുമില്ല. ഇതാണ് നിലവിലെ അവസ്ഥ.

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു നഴ്‌സിന് മാത്രമാണ് കോവിഡ് പിടിപ്പെട്ടത്. സര്‍ക്കാര്‍ ജാഗ്രത ശക്തമാക്കിയതോടെ, ഈ വ്യാപനവും തടയാന്‍ കഴിഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധയേറ്റിയിരിക്കുന്നത്. സുരക്ഷാ സംവിധാനത്തിന്റെ പാളിച്ചയാണിത്.

നെയ്യാറ്റിന്‍കരയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സാമൂഹിക ബഹിഷ്‌ക്കരണവും നേരിടേണ്ടി വന്നിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിച്ചത് കൊണ്ടാണ് അവര്‍ക്കീ ഗതികേട് വന്നിരിക്കുന്നത്. ബഹിഷ്‌കരണം നടത്തുന്നവര്‍ നാളെ തങ്ങള്‍ക്കും വൈറസ് ബാധയേല്‍ക്കുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്. അത്തരം ഒരവസ്ഥയില്‍ നിങ്ങള്‍ അപമാനിച്ച നഴ്‌സുമാര്‍ മാത്രമാണ് രക്ഷകരായ് ഉണ്ടാവുകയുള്ളൂ.

മറ്റു സംസ്ഥാനങ്ങളിലെ നഴ്‌സുമാരുടെ സ്ഥിതിയും സുരക്ഷിതമല്ല. ഇവിടേയും ആശുപത്രി മനേജ്‌മെന്റുകള്‍ ക്രൂരമായാണ് പെരുമാറുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പോലും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് നഴ്‌സുമാര്‍ക്കുള്‍പ്പെടെ വ്യാപകമായി വൈറസ് ബാധയേറ്റിരിക്കുന്നത്. ശമ്പളത്തിന് പകരം രോഗം നല്‍കുന്ന അവസ്ഥയാണിത്.

ജോലി ലഭിക്കാത്ത 50,000ത്തോളം നഴ്‌സുമാരാണ് കേരളത്തിലുണ്ടായിരുന്നത്. കൊറോണക്കാലമാണ് ഇവര്‍ക്കിപ്പോള്‍ രക്ഷയായിരിക്കുന്നത്. നിലവില്‍ നഴ്‌സുമാര്‍ക്കായി വിദേശ രാജ്യങ്ങളടക്കം ക്യൂവിലാണുള്ളത്.

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് വേണ്ടി നിലവിലെ കടമ്പകള്‍ തന്നെ പല രാജ്യങ്ങളും മാറ്റിയിട്ടുണ്ട്. ഒരു പ്രവേശന പരീക്ഷയും പാസാകാതെ തന്നെ,രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇനി പോകാന്‍ കഴിയും. വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് നിര്‍ത്തിയാണ്, നഴ്‌സുമാരെ കൊണ്ടു പോകാന്‍ വിദേശ രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നത്.

ഖത്തര്‍ എയര്‍വെയ്‌സ് ഒരു ലക്ഷം ടിക്കറ്റുകളാണ് നഴ്‌സ്മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. അപ് ആന്റ് ഡൗണ്‍ ടിക്കറ്റുകളാണിത്. അമേരിക്ക, ഇറ്റലി, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും നഴ്‌സുമാരെ കിട്ടാന്‍ ഇന്ത്യയുടെ പിറകെയാണുള്ളത്.

ഇതില്‍ നിന്നും നാം ഏറെ പഠിക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇവിടെ നമുക്ക് തന്നെ ധാരാളം നഴ്‌സുമാരെ ആവശ്യമുണ്ട്. കോവിഡ് ഭീതിയിലെങ്കിലും, ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ദൈവത്തിന്റെ സ്വന്തം മാലാഖമാരെ സംരക്ഷിക്കാനാണ് ഭരണകൂടങ്ങള്‍ ഉടന്‍ തയ്യാറാവേണ്ടത്.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആശുപത്രി തുടങ്ങാമെന്ന അവസ്ഥയും, മാറ്റപ്പെടേണ്ടതുണ്ട്. അര്‍ഹതയുള്ളവര്‍ മാത്രമേ ആശുപത്രി ഉടമകളാവാന്‍ പാടൊള്ളൂ. ഇതിനായി പ്രത്യേക മോണിറ്ററിംഗ് സംവിധാനം തന്നെ പറ്റുമെങ്കില്‍ ഏര്‍പ്പെടുത്തണം. നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും അനിവാര്യമാണ്.ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പാടില്ല.

Team Express Kerala

Top