‘വാര്‍ ആന്‍ഡ് പീസ്’ പുസ്തകം വീട്ടില്‍ സൂക്ഷിച്ചത് എന്തിന്? വിശദീകരിക്കണം ചോദിച്ച് കോടതി

ബോംബെ: വിശ്വപ്രശസ്ത സാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ നോവല്‍ ‘വാര്‍ ആന്‍ഡ് പീസ്’ (യുദ്ധവും സമാധാനവും)വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതി.

ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ‘പ്രകോപനപരമായ പ്രസിദ്ധീകരണങ്ങളുടെ’-പുസ്തകങ്ങളുടെയും സിഡികളുടെയും പേരുകള്‍ പുണെ പോലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പ്രതികരണം.ജസ്റ്റിസ് സാരംഗ് കോട്വാള്‍ ആണ് ഇക്കാര്യം ചോദിച്ചത്.

യുദ്ധവും സമാധാനവും, അണ്ടര്‍സ്റ്റാന്‍ഡിങ് മാവോയിസ്റ്റ്സ്, ആര്‍ സി പി റിവ്യൂ തുടങ്ങിയ പുസ്തകങ്ങളും, രാജ്യ ദമന്‍ വിരോധി, മാര്‍ക്സിസ്റ്റ് ആര്‍ക്കൈവ്സ്, ജയ് ഭീമാ കോമ്രേഡ് തുടങ്ങിയ സീഡികളുമാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായാണ് പോലീസ് കോടതിയില്‍ അറിയിച്ചത്.

നിങ്ങള്‍ എന്തിനാണ് പ്രകോപനപരമായ വസ്തുക്കള്‍- വാര്‍ ആന്‍ഡ് പീസ് പോലുള്ള പുസ്തകങ്ങളും സീഡികളും വീട്ടില്‍ സൂക്ഷിക്കുന്നത്? ഇത് നിങ്ങള്‍ കോടതിയോട് വിശദീകരിക്കേണ്ടി വരും- കോട്വാള്‍ ഗോണ്‍സാല്‍വസിനോട് പറഞ്ഞു. രാജ്യ ദമന്‍ വിരോധിയെന്ന സീഡിയുടെ പേരു തന്നെ സൂചിപ്പിക്കുന്നത് അത് രാജ്യത്തിനെതിരായ എന്തൊക്കയോ ഉള്‍ക്കൊള്ളുന്നു എന്നാണെന്നും കോട്വാള്‍ പറഞ്ഞു.

Top