സൊലേമാനിയെ ‘തീര്‍ക്കാന്‍’ കാരണം ഒന്നല്ല; ഗള്‍ഫ് മേഖല സംഘര്‍ഷത്തില്‍ മുങ്ങുമോ?

ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഇറാന്‍ കമ്മാന്‍ഡര്‍ കാസെം സൊലേമാനി കൊല്ലപ്പെട്ട യുഎസ് ഡ്രോണ്‍ അക്രമണങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാന്‍ ഒന്നിലേറെ കാരണങ്ങളുണ്ടെന്ന് മേഖലയിലെ സംഘര്‍ഷങ്ങള്‍ പഠിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍. യുഎസ് സെനറ്റില്‍ തനിക്ക് നേരെ നടക്കുന്ന ഇംപീച്ച്‌മെന്റിന് പുറമെ ഈ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടം മത്സരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് ട്രംപിന്റെ ഉത്തരവെന്നാണ് വിലയിരുത്തല്‍.

സൊലേമാനിയുടെ വധത്തിന് തിരിച്ചടിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയാല്‍ ഇറാഖ് മുതല്‍ ഗള്‍ഫ് മേഖല മുഴുവന്‍ കൂട്ടക്കുഴപ്പത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. ‘ഒരുമുതിര്‍ന്ന ഇറാന്‍ ജനറലിനെ വകവരുത്തിയത് യുദ്ധത്തിനുള്ള വിളംബരം പോലെയാണ്. ഇറാന്‍ തിരിച്ചടിക്കും, യുഎസ് പ്രസിഡന്റ് ഇതിന് ഒരുങ്ങിയിട്ടുണ്ടോയെന്ന് കാത്തിരുന്ന് കാണണം’, പശ്ചിമേഷ്യയിലെ വിഷയങ്ങള്‍ വിലയിരുത്തുന്ന സിറിയന്‍ മാധ്യമപ്രവര്‍ത്തകന്‍ വായെല്‍ അവദ് പറഞ്ഞു.

ഇറാഖില്‍ ഇറാന്‍ അനുകൂല തീവ്രവാദി വിഭാഗങ്ങളും, യുഎസ് സൈന്യവും തമ്മിലുള്ള സംഘര്‍ഷമാണ് ഈ വിധം മൂര്‍ച്ഛിക്കുന്നതെന്ന് ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ച താല്‍മിസ് അഹമ്മദ് പറഞ്ഞു. ഇറാഖി സൈനിക മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിച്ചപ്പോള്‍ 25 ഇറാന്‍ അനുകൂല തീവ്രവാദികളെയാണ് യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയത്.

ഇതിന് പകരമായി ബാഗ്ദാദിലെ യുഎസ് എംബസിയില്‍ ഇരച്ചുകയറി തീവ്രവാദി സംഘം തീവെച്ചു. സൗദി എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ നടന്ന അക്രമങ്ങളും ഇറാന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് യുഎസ് കുറ്റപ്പെടുത്തിയിരുന്നു. 2020 തെരഞ്ഞെടുപ്പിന് ഇറങ്ങാനുള്ള പദ്ധതി ഒരുക്കുന്ന ട്രംപ് അവസരം മുതലാക്കുകയും ചെയ്തു. ഇറാന്റെ സൈനിക നേതാവിനെയും, ഭീകരവാദി നേതാവിനെയും ഒറ്റയടിക്ക് വകവരുത്തിയ അവസ്ഥയാണ് സൊലേമാനിയെ കൊലപ്പെടുത്തിയതോടെ സംജാതമായത്.

ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധിക്ക് സംഘര്‍ഷം വഴിവെയ്ക്കുമെന്ന ആശങ്കയാണ് പടരുന്നത്. പ്രത്യേകിച്ച് യുഎസ് അനുകൂലികളായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഇനി ഇറാന്‍ തിരിച്ചടി ഭയപ്പെടേണ്ടിവരും.

Top