‘വര്‍ഷ’യിലേക്കില്ല; ഉദ്ധവ് താക്കറെയ്ക്ക് ‘മാതോശ്രീ’ അത്ര പ്രിയം

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് മലബാര്‍ ഹില്ലിലെ വര്‍ഷ. എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ താക്കറെ കുടുംബത്തിലെ ആദ്യ അംഗം ശിവസേനയുടെ ബുദ്ധികേന്ദ്രമായി ഇത്രയും നാള്‍ നിലനിന്ന മാതോശ്രീയില്‍ നിന്നും മാറുന്നില്ലെന്നാണ് തീരുമാനം. ഉദ്ധവ് താക്കറെയുടെ കുടുംബ വീടാണ് മാതോശ്രീ. ഔദ്യോഗിക യോഗങ്ങള്‍ക്ക് മാത്രമാണ് ഉദ്ധവ് വര്‍ഷയിലേക്ക് എത്തിച്ചേരുക.

അടുത്ത ആഴ്ചയോടെ ഭാര്യ രാഷ്മിയെയും, മക്കളായ ആദിത്യ, തേജസ് എന്നിവരെയും കൂട്ടി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റുമെന്നായിരുന്നു പ്രതീക്ഷ. ഔദ്യോഗിക വസതിയില്‍ പൂര്‍ണ്ണസജ്ജമായ ഓഫീസും, കോണ്‍ഫറന്‍സ് റൂമുമുണ്ട്. സൗത്ത് മുംബൈയിലെ 12000 സ്‌ക്വയര്‍ ഫീറ്റുള്ള വസതിയിലേക്ക് മാറുമോയെന്ന ചോദ്യത്തിന് ‘അതിന്റെ ആവശ്യമുണ്ടോ?’ എന്നാണ് ഉദ്ധവ് മറുചോദ്യം ഉന്നയിച്ചത്.

‘മാതോശ്രീയെക്കുറിച്ച് അധികമൊന്നും പറയേണ്ടതില്ല. എന്നിരുന്നാലും ഉത്തരവാദിത്വങ്ങള്‍ ഏറ്റതിനാല്‍ അതെല്ലാം നിര്‍വ്വഹിക്കും. ആവശ്യമുള്ള ഘട്ടങ്ങളില്‍ വര്‍ഷയിലേക്കും പോകും’, ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ സഭ ചേരുമ്പോഴും യോഗങ്ങള്‍ക്കും എത്തുമ്പോള്‍ താക്കറെ വര്‍ഷ ഉപയോഗിക്കുമെന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വാക്കുകള്‍.

നിയമസഭയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള മാതോശ്രീയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഇത്. മുംബൈയില്‍ ജനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയില്‍ കുടുംബസമേതം താമസിക്കാത്ത ആദ്യ മുഖ്യമന്ത്രിയാകും.

Top