എന്തിനാണ് ഈ വാർത്താസമ്മേളന നാടകം?; കോൺഗ്രസിനെതിരെ ബിജെപി

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യാനിരിക്കെ, കോൺഗ്രസ് രാജ്യവ്യാപകമായി വാർത്താസമ്മേളനം നടത്തിയതിൽ വിമർശനവുമായി ബിജെപി. ചോദ്യം ചെയ്യലിനായി രാഹുലിന് ഇഡി നോട്ടിസ് നൽകിയിരുന്നു. പാർട്ടി ആസ്ഥാനത്തുനിന്ന് ഇഡി ഓഫിസിലേക്കു നടന്നുപോകാനാണു രാഹുലിന്റെ തീരുമാനം. രാഹുലിനൊപ്പം എംപിമാരും പാർട്ടി നേതാക്കളും അണിനിരക്കും. ഇഡി നടപടി ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

‘രാഹുൽ നാളെ ഇഡിക്കു മുന്നിൽ ഹാജരാകണം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. എന്നാൽ കോൺഗ്രസ് വൻ നാടകമാണ് നടത്തുന്നത്. അവർ നേതാക്കളെ മുഴുവൻ ഡൽഹിയിലേക്കു വിളിക്കുന്നു. ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനം? ദിഗ്‌വിജയ് സിങ്ങിനെപ്പോലുള്ള നേതാക്കൾ വാർത്താസമ്മേളനം നടത്തിയാൽ എന്ത് സംഭവിക്കും. ‘എന്തിനാണ് ഈ വാർത്താസമ്മേളന നാടകം? ഇഡിക്ക് മുന്നിൽ ഹാജരാകുക, തെറ്റ് അംഗീകരിക്കുക. എന്താണ് സത്യഗ്രഹം? വ്യാജ ഗാന്ധിമാരുടെ ഈ വ്യാജ സത്യഗ്രഹം കണ്ടാൽ ഗാന്ധിജി ലജ്ജിച്ചേനെ. രാഹുൽ നിയമത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കരുത്. ഇത് നിയമപരമായ പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമല്ല’– ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ചോദിച്ചു

Top