എന്തുകൊണ്ട് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി

kerala hc

കൊച്ചി: കോവിഡ് വാക്‌സീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് സൗജന്യ വാക്സീന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്സീന്‍ കൊടുക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നു ചോദിച്ച കോടതി ഫെഡറലിസം നോക്കേണ്ട സമയം ഇതെല്ലെന്നും വ്യക്തമാക്കി.

എല്ലാവര്‍ക്കും സൗജന്യ വാക്സീന്‍ നല്‍കാന്‍ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി രൂപയാണ്. എന്നാല്‍ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്സീന്‍ നല്‍കാന്‍ ഉപയോഗിച്ചുകൂടെ എന്നായിരുന്നു കോടതി ഉയര്‍ത്തിയ മറ്റൊരു ചോദ്യം.

അതേസമയം ഇതു നയപരമായ കാര്യമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. വാക്‌സീന്‍ നയം മാറിയതോടെ വാക്‌സീന്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. ജുഡീഷ്യല്‍ ഓഫിസര്‍മാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് എന്നു സംസ്ഥാന സര്‍ക്കാരിനോടു കോടതി ചോദിച്ചു.

കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

 

Top