വിജിലന്‍സ് അന്വേഷണത്തിനെ സുധാകരന്‍ എന്തിനു ഭയക്കണം . . . ?

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസോ സുധാകരനോ ഒരു കാലത്തും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയത്തില്‍, പക തീര്‍ക്കുന്നത് സ്വാഭാവികമാണ്. അത്, അവസരം ലഭിക്കുമ്പോള്‍ എല്ലാപാര്‍ട്ടികളും ചെയ്യാറുമുണ്ട്.

എന്നാല്‍, ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇപ്പോള്‍ മുഖ്യമന്ത്രി പക വീട്ടുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം, തികച്ചും വാസ്തവ വിരുദ്ധമാണ്. ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തില്‍, സുധാകരനുമായി പിണങ്ങിപോയ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കേണ്ട ഗതികേട് പിണറായിക്കില്ലെന്നത്, സതീശന്‍ ഓര്‍ക്കണം.

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. യു.ഡി.എഫ് ഭരണത്തില്‍ ഏതെങ്കിലും സി.പി.എം നേതാവാണ് ആരോപണ വിധേയനെങ്കില്‍ ഇതാകുമായിരുന്നില്ല നിലപാട്.

ഇവിടെ, ഒരു തട്ടിപ്പു കേസിനെ അതേ രൂപത്തില്‍ കൈകാര്യം ചെയ്യാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രമേശ് ചെന്നിത്തല 25 കോടിയുടെ ബിസിനസ്സ് നടത്തിയതായ വെളിപ്പെടുത്തലിനെയും, ഇതേ രൂപത്തില്‍ തന്നെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. തെളിവുണ്ടെങ്കില്‍ ഉന്നതര്‍ ആരായാലും നിയമ നടപടിക്ക് വിധേയമാകട്ടെ എന്നതാണ് സി.പി.എം നിലപാട്. കേവലം ആരോപണങ്ങള്‍ ഏറ്റുപിടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഇല്ലെന്ന് വ്യക്തം. മാതൃകാപരമായ നിലപാടാണിത്.

സര്‍ക്കാറിനേക്കാള്‍, സുധാകരനെ കുരുക്കാന്‍ ഓടി നടക്കുന്നത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് ബെന്നി ബഹന്നാനും, വി.എം സുധീരനുമാണ്. പക തീര്‍ക്കണമെങ്കില്‍, സര്‍ക്കാറിനു മുന്നില്‍ ഈ അവസരം തന്നെ ധാരാളമാണ്. ഇപ്പോള്‍ ചെന്നിത്തല കൂടി പ്രതിരോധത്തിലായ സ്ഥിതിക്ക്, പ്രതിപക്ഷത്തെ തളര്‍ത്തിയിടാന്‍ മോന്‍സന്‍ കേസു തന്നെ ധാരാളമാണ്.

എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഡി.ജി.പി അടക്കം സകലരെയും മോന്‍സന്‍ പറ്റിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍, ബഹ്‌റ ഉള്‍പ്പെടെ പലരും നിരന്തരം മോന്‍സുമായി ഇടപ്പെട്ടിട്ടുണ്ട്. അത് എന്തിനായിരുന്നു എന്നത് അന്വേഷണത്തിലാണ് തെളിയേണ്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍, ഫോട്ടോയില്‍ കുടുങ്ങി പെട്ടുപോയത്, നടന്‍ മോഹന്‍ലാലും, എ.ഡി.ജി.പി മനോജ് എബ്രഹാമും ആണ്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, ബോധ്യമായിട്ടുണ്ട്. ബഹ്‌റയാണ് മനോജ് എബ്രഹാമിനെ കൊണ്ടു പോയതെങ്കില്‍, മോഹന്‍ലാല്‍ പോയത്, ഒരു ബിസിനസുകാരനൊപ്പമാണ്. അതല്ലാതെ മോന്‍സുമായി ഒരു മുന്‍പരിചയവും ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല.

എന്നാല്‍, സുധാകരന്റെ സ്ഥിതി അതല്ല, പങ്ക് ആരോപിച്ചത് പരാതിക്കാര്‍ തന്നെയാണ്. എന്നിട്ടുപോലും, അന്വേഷണത്തില്‍ തെളിഞ്ഞിട്ട് മാത്രം പ്രതികരിച്ചാല്‍ മതിയെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്ത് ആയുധം ലഭിച്ചാലും അത് എതിരാളിക്കു നേരെ ആയുധമാക്കുന്ന പരമ്പരാഗത രീതിയാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്. ഈ നിലപാട് മനസ്സിലാക്കാതെയാണ് വി.ഡി സതീശന്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. കെ.സുധാകരനെതിരെ വിജിലന്‍സില്‍ പരാതി കൊടുത്തത് സി.പി.എമ്മല്ല. അദ്ദേഹത്തിന്റെ തന്നെ മുന്‍ ഡ്രൈവറാണ്.

വനംമന്ത്രി ആയിരുന്നപ്പോള്‍ സുധാകരന്‍ ചന്ദനക്കടത്ത് നടത്തിയെന്നും, 32 കോടിയുടെ അഴിമതി നടത്തിയെന്നുമാണ് ഡ്രൈവറായിരുന്ന പ്രശാന്ത് ആരോപിച്ചിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍, സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന പരാതിയാണ് വിജിലന്‍സ് അന്വേഷിക്കുക. കെ കരുണാകരന്‍ ട്രസ്റ്റിന് വേണ്ടി പിരിച്ചത് ഉള്‍പ്പെടെയാണ്, 32 കോടിയുടെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തന്റെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ടെന്നും, മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും, പ്രശാന്ത് ബാബു തുറന്നു പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നതാണ് വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാന്‍, നിയമോപദേശവും വിജിലന്‍സ് തേടിയിട്ടുണ്ട്.

സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ, ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടക്കാന്‍ യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കുകയാണ് യു.ഡി.എഫ് ചെയ്യേണ്ടത്. മടിയില്‍ കനമില്ലെങ്കില്‍, ഭയക്കേണ്ട കാര്യം സുധാകരനില്ല. ഇക്കാര്യം വി.ഡി സതീശന്‍ തന്നെ, സുധാകരനോട് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. അതല്ലാതെ, രാഷ്ട്രീയ പകവീട്ടലെന്ന് ആരോപിച്ചാല്‍ രാഷ്ട്രീയ കേരളത്തില്‍ അതെന്തായാലും വിലപ്പോവുകയില്ല. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

Top