എന്തിനാണ് ഇത്തരം ഒരു ഭരണകൂടം ? രാജ്യത്തിനു തന്നെ ആപത്താണ് മമത

ബംഗാളില്‍ ഇപ്പോള്‍ ഒഴുകുന്നത് ചോരപ്പുഴയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളാണ് ഭീകര ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. 2011ന്റെ ആവര്‍ത്തനമാണിത്. അന്ന്, സി.പി.എം പ്രവര്‍ത്തകരാണ് അരുംകൊല ചെയ്യപ്പെട്ടതെങ്കില്‍ ഇന്ന് ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആഹ്ലാദിച്ച കാവിപ്പട സ്വന്തം അനുയായികള്‍ അരുംകൊല ചെയ്യപ്പെടുമ്പോള്‍ ഞെട്ടി വിറച്ചാണിപ്പോള്‍ നില്‍ക്കുന്നത്.

ബംഗാളില്‍ മമത നടത്തുന്നത് കാട്ടുനീതി തന്നെയാണ്. ഇത്തരം ഒരു ഭരണകൂടം രാജ്യത്തിനു തന്നെ അപകടമാണ്. ജനാധിപത്യം നല്‍കിയ കരുത്ത് ജനങ്ങളുടെ ജീവനെടുക്കാനാണ് നീളുന്നതെങ്കില്‍ അത്തരം ഒരു ഭരണകൂടം തുടരാനും അര്‍ഹരല്ല പശ്ചിമബംഗാളില്‍ ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തയ്യാറാകേണ്ടത്. വ്യക്തമായ പ്രീണനം നടത്തിയാണ് മമത വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നത്. അതിന് അവര്‍ക്ക് അവസരം നല്‍കിയതും ബി.ജെ.പിയാണ്.

വര്‍ഗ്ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. അക്കാര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംശയമുണ്ടാകില്ല. ബി.ജെ.പിയുടെ പ്രകോപനങ്ങളാണ് മമത കരുത്താക്കി മാറ്റിയിരുന്നത്. ഇടതുപക്ഷത്തെ പിന്തുണച്ച ന്യൂനപക്ഷ പിന്തുണ ആര്‍ജ്ജിക്കാനും ഇതുവഴി അവര്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പോലും മമത കര്‍ക്കശ നിലപാട് സ്വീകരിച്ചത് കേരള മാതൃക പിന്തുടര്‍ന്നാണ്. അവര്‍ക്ക് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ പോലും പിണറായിയുടെ ഇടപെടലാണ് വേണ്ടി വന്നിരുന്നത്.

കേരളമാണ് രാജ്യത്ത് ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച സംസ്ഥാനം. ഈ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന പ്രക്ഷോഭം നടന്നതും കേരളത്തിലാണ്. 80 ലക്ഷം പേര്‍ പങ്കെടുത്ത മനുഷ്യശൃംഖല അതിന് ഒന്നാന്തരം ഉദാഹരണമാണ്. സാക്ഷാല്‍ മമതയ്ക്ക് പോലും ഇത്തരം ഒരു പ്രതിഷേധം ബംഗാളില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പുകമറ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു.അതാണ് ഈ തിരഞ്ഞെടുപ്പിലും വ്യക്തമായിരിക്കുന്നത്.

മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനകളിലാണ് ബി.ജെ.പി ശത്രുത പ്രധാനമായും മമത പ്രകടിപ്പിച്ചിരുന്നത്. ഇതിന് മാധ്യമങ്ങള്‍ വലിയ പ്രചാരവും നല്‍കുകയുണ്ടായി. ആദ്യ ബി.ജെ.പി സര്‍ക്കാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പങ്കാളിയായത് മറന്ന മട്ടിലാണ് മാധ്യമങ്ങളും പെരുമാറിയിരുന്നത്. നന്ദിഗ്രാം വെടിവയ്പ് ചൂണ്ടിക്കാട്ടി ഇപ്പോഴും സി.പി.എമ്മിനെ വേട്ടയാടുന്നവര്‍ കത്തുന്ന അഭിനവ ബംഗാളിനെ കുറിച്ചാണ് ഇനിയെങ്കിലും ചര്‍ച്ച നടത്തേണ്ടത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ഗ്രാമങ്ങളാണ് പൊളിച്ചടക്കപ്പെട്ടിരിക്കുന്നത്. കൂട്ട ബലാത്സംഗം ഉള്‍പ്പെടെ ബംഗാളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ എണ്ണവും തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. കൊല്ലപ്പെട്ടവരേക്കാള്‍ എത്രയോ ഇരട്ടിയിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവരില്‍ മിക്കവരും കൊല്ലപ്പെട്ടിരിക്കാന്‍ തന്നെയാണ് സാധ്യത. അതിഭീകരമായ അവസ്ഥയാണിത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് തന്നെ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിക്കേണ്ട സാഹചര്യമാണ് ബംഗാളിലുള്ളത്. ഇതിനിടെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര സഹമന്ത്രി ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട സാഹചര്യം കേന്ദ്ര സര്‍ക്കാറിനെയും ഞെട്ടിച്ചിട്ടുണ്ട്.

സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലകളിലെ സംഘര്‍ഷ സ്ഥലങ്ങളില്‍ ഇപ്പോഴും ഭീതിജനകമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ധിക്കാരിയും ഏകാധിപതിയുമായ ഒരു ഭരണാധികാരിയെ വീണ്ടും തിരഞ്ഞെടുത്ത ബംഗാള്‍ ജനതയാണ് ഇവിടെ വലിയ തെറ്റ് ചെയ്തിരിക്കുന്നത്. ഈ തെറ്റിന് ചരിത്രം ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കുകയില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒറ്റ വര്‍ഗ്ഗീയ കലാപം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനമായിരുന്നു ബംഗാള്‍ ആരു മറന്നാലും മമത അതു മറക്കരുത്.

ഗുജറാത്ത് കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത കുത്തുബുദ്ദീന്‍ അന്‍സാരി എന്ന യുവാവിന് അഭയം നല്‍കിയതും ബംഗാളിലെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാറായിരുന്നു. ആ ചുവന്ന മണ്ണാണ് ഉഴുത് മറിച്ചിപ്പോള്‍ മമതയും സംഘവും വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരോട്ടമുള്ള മണ്ണാക്കി മാറ്റിയിരിക്കുന്നത്. ഇനി ബംഗാളിന്റെ ഭാവി എന്താണെന്നത് ആര്‍ക്കും തന്നെ പ്രവചിക്കാന്‍ സാധിക്കുകയില്ല.

ആക്രമണ സംഭവങ്ങളിലൂടെ ഗവര്‍ണ്ണര്‍ ഭരണത്തിനുള്ള പാതയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സും നിലവില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഗവര്‍ണ്ണര്‍ ഭരണം വന്നാല്‍ ബി.ജെ.പി നിയന്ത്രിക്കുന്ന സംവിധാനമായാണ് അത് മാറുക. അപ്പോള്‍ പലായനം ചെയ്യേണ്ടി വരികയാവട്ടെ മമതയും അനുയായികളുമായിരിക്കും. അതിനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്.

Top