വിദേശമാധ്യമ റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാനാണെങ്കില്‍ എന്തിനാണ് അന്വേഷണ എജന്‍സികള്‍; സുപ്രീംകോടതി

ഡല്‍ഹി: അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍, ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. വിദേശമാധ്യമ സൃഷ്ടിയെ സത്യത്തിന്റെ സുവിശേഷമായി കണക്കാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. റിപ്പോര്‍ട്ട് തള്ളുന്നില്ല, എന്നാല്‍ കോടതിക്ക് വേണ്ടത് തെളിവുകളാണ്, അല്ലാതെ റിപ്പോര്‍ട്ടുകളല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരെ എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളതെന്നും കോടതി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് ചോദിച്ചു. ഭാരത നയങ്ങളെ സ്വാധീനിക്കാനായി വിദേശ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ഒരു പുതിയ പ്രവണത രാജ്യത്തുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാനാണെങ്കില്‍ എന്തിനാണ് നമുക്ക് അന്വേഷണ എജന്‍സികള്‍. സെബിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് സോറോസിന്റെ സംഘടനയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെബി പറഞ്ഞു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പും ശേഷവും എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് സെബി അന്വേഷിച്ചുവരികയാണ്. സംശയാസ്പദമായ ഇടപാടുകളുടെ 24 കേസുകളില്‍ 22 എണ്ണവും സെബി പരിശോധിച്ചുവെന്നും ബാക്കി രണ്ടെണ്ണത്തിന് വിദേശത്തുള്ള ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ കാത്തിരിക്കുകയാണെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.

Top