എന്തുകൊണ്ടാണ് ഡല്‍ഹിക്ക് മാത്രം വ്യത്യസ്ത മാര്‍ഗരേഖ ?ലഫ്.ഗവര്‍ണര്‍ക്കെതിരെ കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് 19 രോഗികളെ ഹോം ക്വാറന്റീന് അയയ്ക്കുന്നതിന് മുമ്പായി അഞ്ചു ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന ലഫ്. ഗവര്‍ണറുടെ നിര്‍ദേശത്തെ ഡല്‍ഹി സര്‍ക്കാര്‍.

രാജ്യമെങ്ങുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ക്ക് ഹോം ക്വാറന്റീനില്‍ പോകാന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഡല്‍ഹിക്ക് മാത്രം വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. ഡല്‍ഹിയിലെ ഭൂരിഭാഗം കോവിഡ് 19 രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും അവര്‍ക്കെല്ലാവര്‍ക്കുമുള്ള ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുക എളുപ്പമല്ലെന്നും കെജ്രിവാള്‍ പറയുന്നു.ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്.

‘റെയില്‍വേ കോച്ചുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചൂടില്‍ കോച്ചില്‍ ഒരാള്‍ക്ക് എങ്ങനെയാണ് കഴിയാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

പാവപ്പെട്ട രോഗികളോ അതോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളോ ആര്‍ക്കാണ് ഞങ്ങള്‍ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു.

ഇപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നേരിടുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നേക്കാം എന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് വരും. ഇത് നഗരത്തെ താറുമാറിലാക്കും.ലോകത്തെവിടെയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാറില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

മഹാരാഷ്ട്രയ്ക്കും തമിഴ്നാട്ടിനും ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യ തലസ്ഥാനത്താണ്. 3,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വെള്ളിയാഴ്ച സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 50,000 കടന്നിരുന്നു.

Top