ഇതാണോ നേതാവിന്റെ മതേതരത്വം? രാഹുല്‍ ഗാന്ധി മുസ്ലീം പള്ളികള്‍ സന്ദര്‍ശിക്കാത്തതെന്തെന്ന് ഉവൈസി

ഹൈദരാബാദ്: ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്തു കൊണ്ട് മുസ്ലീം പള്ളികള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

ഗുജറാത്തിലാകമാനം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് പകരമായി ബി.ജെ.പി-കോണ്‍ഗ്രസ്സ് നേതാക്കള്‍ പരമാവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് തിടുക്കം കൂട്ടിയതെന്നും, നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യംവെച്ചാണെന്നും ഉവൈസി ആരോപിച്ചു.

അടുത്ത പാര്‍ലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എന്താണ് തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയെന്ന് താന്‍ മോദിക്കും രാഹുലിനും കാണിച്ച് കൊടുക്കുമെന്നും ഉവൈസി വെല്ലുവിളിച്ചു.

മാത്രമല്ല, പ്രചാരണത്തിന്റെ ഭാഗമായി പള്ളികളും ദര്‍ഗകളും സന്ദര്‍ശിക്കുമെന്നും, പച്ചകൊടി പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസം സബര്‍മതി നദിയിലെ മോദിയുടെ സീപ്ലൈന്‍ യാത്രയെ ഒവൈസി കണക്കിന് പരിഹസിക്കുകയും ചെയ്തു.

അതേസമയം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ കാണാനും തിരഞ്ഞെടുപ്പ് അവലോകനം നടത്താനും രാഹുല്‍ ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എത്തിയ രാഹുല്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ഡിസംബര്‍ 12ന് വോട്ടര്‍മാരെ കാണാനും അനുഗ്രഹം തേടാനുമായി മോദിയും രാഹുലും ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Top