അച്‌രേക്കര്‍ക്കറുടെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തിയില്ല; വിമര്‍ശനവുമായി ശിവസേന

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗുരുവായ രമാകാന്ത് അച്‌രേക്കര്‍ക്കറുടെ സംസ്‌കാരച്ചടങ്ങിന് പിന്നാലെ മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ക്രിക്കറ്റ് ലോകത്തെ വിശിഷ്ട വ്യക്തിത്വമായ അച്‌രേക്കര്‍ക്ക് സംസ്ഥാന ബഹുമതിയോടെയുള്ള സംസ്‌കാരച്ചടങ്ങ് എന്തുകൊണ്ട് നല്‍കിയില്ലെന്നാണ് വിവിധ പാര്‍ട്ടികളുടെ ചോദ്യം.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ, ശിവ സേനാ എം.പി സഞ്ജയ് റൗട്ട്, എന്‍.സി.പി നേതാവ് നവാബ് മാലിക്ക് തുടങ്ങി നിരവധി പേരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. രാജ് താക്കറെ സര്‍ക്കാരിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് ശരിയായില്ലെന്ന് ചിലര്‍ പറയുമ്പോള്‍ സച്ചിനെപ്പോലുള്ള ഒരാളുടെ സാന്നിധ്യത്തില്‍ സംസ്‌കാരച്ചടങ്ങ് നടക്കുമ്പോള്‍ സംസ്ഥാന ബഹുമതിക്ക് എന്തു പ്രസക്തി എന്നാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.

മുംബൈ ശിവാജി പാര്‍ക്കിലെ വീട്ടില്‍ ബുധനാഴ്ച്ചയായിരുന്നു അന്ത്യം സംഭവിച്ചത്. ശിവാജി പാര്‍ക്കിനടുത്ത് തന്നെയുള്ള ശ്മാശനത്തിലാണ് അച്‌രേക്കറിന്റെ ഭൗതികദേഹം ദഹിപ്പിച്ചത്. സച്ചിനടക്കമുള്ള ശിഷ്യന്‍മാരായിരുന്നു ശവമഞ്ചം ചുമന്നത്.

Top