‘അഭിനന്ദനങ്ങള്‍ക്ക് പിന്നാലെ ആശങ്ക’ തെലങ്കാന പൊലീസ് നടപടി വിവാദത്തിലേയ്‌ക്കോ?

നീതി ലഭ്യമായി, ഇതാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട ജനങ്ങളും, രാഷ്ട്രീയക്കാരും, സെലിബ്രിറ്റികളും നടത്തിയ പ്രതികരണം. 2012 നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇപ്പോഴും നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആളുകള്‍ ഈ വിധം വൈകാരികമായ പ്രതികരണങ്ങള്‍ നടത്തുന്നത്.

അതേസമയം പോലീസ് എന്‍കൗണ്ടര്‍ എന്നുവിശേഷിപ്പിക്കുന്ന സംഭവത്തില്‍ കൂടുതല്‍ ചോദ്യങ്ങളും സംശയങ്ങളും വരും ദിവസങ്ങളില്‍ ഉയരും. കൂടാതെ ജുഡീഷ്യറി ഈ വിഷയത്തില്‍ പരിശോധനയും നടത്തും. 2015ലെ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിലാണ് ഈ പരിശോധന നടത്തുക. എന്‍കൗണ്ടര്‍ മരണങ്ങളില്‍ മജിസ്‌ട്രേറ്റ് തലത്തില്‍ പരിശോധന നിര്‍ബന്ധമാക്കിയ സുപ്രീംകോടതി പോലീസ് എന്‍കൗണ്ടറുകളില്‍ സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നു.

ഒരു കുറ്റകൃത്യത്തിലെയും പ്രതികളെ കൊല്ലാന്‍ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. അന്വേഷണ ചുമതലയാണ് പോലീസ് സേനയ്ക്കുള്ളത്. വ്യക്തികളുടെ ക്രിമിനല്‍ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ജുഡീഷ്യറിയില്‍ നിക്ഷിപ്തമാണ്. നവംബര്‍ 26, 27 തീയതികളില്‍ നടന്ന ഹൈദരാബാദ് കേസിലെ നാല് സാക്ഷികളാണ് അറസ്റ്റിലായതും കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്.

കേസ് അന്വേഷണ ഘട്ടത്തില്‍ മാത്രമായിരുന്നതിന് പുറമെ ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്തിരുന്നില്ല. വിചാരണയും ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് ഉറപ്പിച്ചിട്ടുമില്ല. സ്വന്തം സുരക്ഷയ്ക്കായി പോലീസിന് സംരക്ഷണം നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 96 ആണ്. സുപ്രീംകോടതി നിബന്ധനകള്‍ അനുസരിച്ച് ജുഡീഷ്യല്‍ റിവ്യൂ ഹൈദരാബാദ് വിഷയത്തില്‍ തെലങ്കാന പോലീസിന് നേരിടേണ്ടി വരും.

Top