കാവിയെ തുരത്തിയ കേരളത്തിലേക്ക് എന്തിനാണ് രാഹുലിന്റെ ഭാരത് യാത്ര ?

ന്ദേശം’ എന്ന മലയാളം സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. യശ്വന്ത് സഹായ് എന്നാണ് പേര്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സിനിമയില്‍ നടത്തിയ ‘ഭാരതയാത്ര’ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരുന്നത്. ജാഥയ്ക്കു വേണ്ടി നടത്തിയ പിരിവ് മുതല്‍  ‘യശ്വന്ത് സഹായ്’ ഇളനീര്‍ ചോദിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വരെ ഇന്നും മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് സിനിമയിലേതു പോലത്തെ കഥാപാത്രങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ കാണപ്പെടുന്നതു കൊണ്ടു കൂടിയാണ്.

‘വിഘടിച്ചു നില്‍ക്കുന്ന നാനാജാതി മതസ്ഥരെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടു വന്ന്  ഭാരതത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കാനായിരുന്നു” സിനിമയിലെ യശ്വന്ത് സഹായ് യുടെ യാത്രയെങ്കില്‍ ഇപ്പോള്‍ ജീവിതത്തില്‍, രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത യാത്രയും ഏതാണ്ട് അതേ രൂപത്തിലുള്ള ലക്ഷ്യം പറഞ്ഞു കൊണ്ടു തന്നെയാണ്. ”ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്നതാണ് രാഹുലിന്റെ യാത്രയുടെ മുദ്രാവാക്യം. ‘

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ നടത്തിയ അതെ രീതിയില്‍ ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്നും ഇതിനെതിരെ ജനങ്ങളെ കേള്‍ക്കാനും ഒന്നിപ്പിക്കാനുമാണ് തന്റെ യാത്രയെനുമാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. ഈ മുദ്രാവാക്യം ഉയര്‍ത്തി കേരളത്തില്‍ യാത്ര നടത്തിയാല്‍ അത് സിനിമയിലെ പോലെ കോമഡി ആയാണ് മാറുക. അക്കാര്യമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കാനുള്ളത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും  എന്ത് ലക്ഷ്യം പറഞ്ഞാണോ ഭാരത യാത്ര നടത്തുന്നത് അത് എത്രയോ മുന്‍പ്  കേരളത്തില്‍ നടപ്പാക്കിയ പാര്‍ട്ടിയും മുന്നണിയുമാണ് ഇന്ന് കേരളം ഭരിക്കുന്നത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ പരിവാര്‍ സംഘടനകള്‍ക്ക് കേരളത്തില്‍ വളര്‍ച്ച സാധ്യമാകാത്തതിന് പ്രധാന കാരണവും  ഇവിടുത്തെ ചെങ്കൊടിയുടെ സ്വാധീനമാണ്. അത് ആര്‍.എസ്.എസ് തന്നെ വിലയിരുത്തിയിട്ടുള്ള കാര്യമാണ്.

വര്‍ഗ്ഗീയത അത് ന്യൂനപക്ഷത്തിന്റെ ആയാലും ഭൂരിപക്ഷത്തിന്റേതായാലും ഒരു പോലെ അപകടമാണെന്ന് തിരിച്ചറിഞ്ഞ് സി.പി.എം പ്രതിരോധം തീര്‍ക്കുന്നതു കൊണ്ടാണ്  ഈ മണ്ണില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കാത്തത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുവാന്‍ കേന്ദ്രം ഉത്തരവിട്ടപ്പോള്‍ അത് നടക്കില്ലന്ന് ആദ്യം പ്രഖ്യാപിച്ചതും അതിനായി നിയമസഭ വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കിയതും കേരളമാണ്. അതല്ലാതെ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളല്ല. കേരളം പ്രമേയം പാസാക്കിയ ശേഷമാണ്  ഇക്കാര്യത്തെ കുറിച്ച് അവര്‍ ചിന്തിക്കുക പോലും ചെയ്തിരിക്കുന്നത്.

ഭാരത യാത്ര നടത്തിയതു കൊണ്ടൊന്നും സംഘ പരിവാറിനെതിരായ പ്രത്യയശാസ്ത്ര യുദ്ധത്തിന് കോണ്‍ഗ്രസിന് കെല്പിണ്ടാവുകയില്ല. ആ കെല്പില്ലായ്മയാവട്ടെ ചരിത്രപരമായും വര്‍ഗ്ഗപരമായും ഉള്ളതാണ് എന്നതും നാം തിരിച്ചറിയണം. ആര്‍.എസ്.എസിന്റെ ആദ്യ രൂപമായ ജനസംഘം രൂപീകരിക്കാന്‍  ശ്യാമപ്രസാദ് മുഖര്‍ജി  നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ നിന്നാണ് രാജിവെച്ച് പുറത്തു വന്നതെന്ന സത്യം രാഹുല്‍ ഗാന്ധി മറക്കരുത്. ജനസംഘം സ്ഥാപകനെ മന്ത്രിസഭയിലുള്‍പ്പെടുത്താവുന്നയത്ര പ്രത്യയശാസ്ത്ര ബോധമേ നെഹ്‌റു നയിച്ച കാലത്ത് പോലും കോണ്‍ഗ്രസിന് ഉണ്ടായിരുന്നുള്ളൂ.  ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസ്ന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് അവരെ നിയമ വിധേയരാക്കിയതും  മറ്റാരുമായിരുന്നില്ല കോണ്‍ഗ്രസ്സ് സര്‍ക്കാറാണ് അതും ചെയ്തത്. ഷാബാനു ബീഗം കേസില്‍  സുപ്രീം കോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി ആദ്യം ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളേയും അതു ബാലന്‍സ് ചെയ്യാന്‍ തൊട്ടുപിന്നാലെ അയോദ്ധ്യയില്‍ ശിലാന്യാസം നടത്താന്‍ അനുവദിച്ച്  വിശ്വഹിന്ദു പരിഷത്തിനേയും ഒരു പോലെ പ്രീണിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥാവകാശവും കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണ്

ഒടുവില്‍ 1992 ഡിസ.6 ന് സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തുകൊണ്ടിരുന്നപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ നിഷ്‌ക്രിയനായിരുന്ന നരസിംഹറാവുവിന്റെ നിര്‍വ്വികാരതയുടെ പ്രത്യയശാസ്ത്രത്തിന്റെ പേരും കോണ്‍ഗ്രസ് എന്നാണ്. ഈ പൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ബി.ജെ.പി സര്‍ക്കാറിനും പരിവാറിനും എതിരെ എന്ത് യാത്ര നടത്തിയാലും ഉദ്ദേശ ശുദ്ധി തീര്‍ച്ചയായും സംശയിക്കപ്പെടുക തന്നെ ചെയ്യും. അതാകട്ടെ സ്വാഭാവികവുമാണ്.
സംഘപരിവാറിനെതിരെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരം വേണമെന്ന് പറയുകയും ഭീരുവിനെ പോലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് ഓടിപ്പോവുകയും ചെയ്ത നേതാവാണ് രാഹുല്‍ ഗാന്ധി. ഇതൊക്കെ രാഷ്ട്രീയ കേരളത്തിനും നല്ലതു പോലെ അറിയാം.

രാജ്യത്ത് സ്വാധീനം കുറവാണെങ്കിലും ഉള്ളയിടത്ത് കാവി പ്രത്യയശാസ്ത്രത്തിന് തടയിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. വ്യക്തമായി പറഞ്ഞാല്‍ സി.പി.എമ്മും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളും  സീറ്റിന്റെ എണ്ണത്തിലും വോട്ടിന്റെ എണ്ണത്തിലും  ഇടതുപക്ഷം കോണ്‍ഗ്രസിനേക്കാള്‍ ചെറിയതാണെങ്കിലും സംഘപരിവാറിനെതിരായി പോരാടാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രത്യയശാസ്ത്രം ഇടതു പക്ഷത്തിന്റെതു മാത്രമാണ്. ഇക്കാര്യം ആര്‍.എസ്.എസ് തിരിച്ചറിയുന്നതു കൊണ്ടാണ് വിചാരധാരയില്‍ ഹിന്ദു രാഷ്ട്രത്തിന്റെ മുന്ന് ആന്തരിക ഭീഷണികളിലൊന്നായി കമ്യൂണിസ്റ്റുകാരെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ത്രിപുരയില്‍ ജയിച്ചപ്പോള്‍, ”ഇതുവരെയുള്ളതൊന്നുമല്ല ഇതാണ് യഥാര്‍ത്ഥ പ്രത്യയ ശാസ്ത്ര വിജയം” എന്നാണ് സാക്ഷാല്‍ നരേന്ദ്ര മോദി ആവേശ ഭരിതനായി മൊഴിഞ്ഞിരുന്നത്.

‘കേരളം ജയിക്കുന്ന ദിവസമേ ബിജെപി.ക്ക് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കാനാവൂ” എന്നതും സംഘപരിവാര്‍ നിലപാടാണ്. ആത്യന്തികമായി നേരിടേണ്ട പ്രത്യയശാസ്ത്ര മേത് എന്നത് അവര്‍ക്കറിയാം. അതിന് അനുസരിച്ച് തന്നെയാണ് അവരിപ്പോള്‍ നീങ്ങുന്നത്. രാജ്യത്ത് ഒറ്റ മുഖ്യ മന്ത്രിക്കു മാത്രമേ സ്വന്തം സംസ്ഥാനത്തിന് പുറത്ത് സംഘപരിവാര്‍ വിലയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ആ മുഖ്യമന്ത്രിയുടെ പേരാണ് പിണറായി വിജയന്‍. ആര്‍.എസ്.എസ് നേതാവ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പേരും ഇതു തന്നെയാണ്. രാജ്യത്തെ സകല ബി.ജെ.പി മന്ത്രിമാരെയും അണി നിരത്തി ഒരു മാര്‍ച്ച് സംഘപരിവാര്‍ നടത്തിയിട്ടുണ്ടെങ്കില്‍  അത് നടത്തിയതും ഇടതുപക്ഷ കേരളത്തിലാണ്. ബി.ജെ.പിക്ക് ആകെ ഉണ്ടായിരുന്ന നിയമസഭാ സീറ്റ് പിടിച്ചെടുത്തതും ഇടതുപക്ഷമാണ്

രാജ്യത്ത് ആര്‍.എസ്.എസിന് ഏറ്റവും അധികം ശാഖകള്‍ ഉള്ള കേരളത്തില്‍ തന്നെയാണ്, അവര്‍ക്ക് ഏറ്റവും കൂടുതല്‍ ബലിദാനികളുമുള്ളത്. ഈ പോരാട്ടത്തില്‍ നിരവധി സി.പി.എം പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ആശയങ്ങളെ മാത്രമല് ആക്രമണങ്ങളെയും പ്രതിരോധിക്കേണ്ടി വന്നതു കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇങ്ങനെയുള്ള കേരളത്തിലേക്കാണ്  പരിവാറിനെതിരെയുള്ള രാഷ്ട്രീയം പറഞ്ഞ് ഭാരതയാത്രയുമായി രാഹുല്‍ എത്തിയിരിക്കുന്നത്. മോദിയുടെയും അമിത് ഷായുടെയും ഗുജറാത്തിനെ ഒഴിവാക്കിയുള്ള യാത്രയാണിത്. 19 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യോഗിയുടെ യു.പിയില്‍ ണ്ടു ദിവസം മാത്രമാണ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. ഭാരത യാത്ര വെറും പ്രഹസനം മാത്രമെന്ന് പറയാന്‍  ഇതു തന്നെ ധാരാളമാണ്.


EXPRESS KERALA VIEW

Top