ജീവനു ഭീഷണി;എല്ലുശേഖരണ തൊഴിലാളികള്‍ ഭയക്കുന്നത് ഗോസംരക്ഷകരെ . . .

001

രാജ്യത്ത് കശാപ്പ് നിരോധനം വന്നതോടെ ബുദ്ധിമുട്ടിലായത് ഉത്തര്‍ പ്രദേശിലെ എല്ലു ശേഖരണ തൊഴിലാളികളാണ്. മൃഗങ്ങളുടെ ശവകുഴി തോണ്ടി എല്ലു ശേഖരിക്കുന്നത് വെറുതെയെല്ല,ഒരു കുടുംബത്തെ പോറ്റാനാണ്. ഇത് ഇവരുടെ ഉപജീവനമാര്‍ഗ്ഗമാണ്. കശാപ്പു ശാലകള്‍ക്ക് നിരോധനം വന്നതും പശു സംരക്ഷകര്‍ ഉയര്‍ന്നു വന്നതും ഇവരുടെ ഉപജീവനമാര്‍ഗ്ഗത്തിനും കല്ലുകടിയായിരിക്കുകയാണ്.

എല്ലു ശേഖരിച്ചു വരുന്നതിനിടെ പലപ്പോഴും ഇവര്‍ക്കു നേരെ ഭീഷണികളുണ്ടായിട്ടുണ്ട്. പശുഹത്യ നടത്തുന്നവരെന്നാരോപിച്ചാണ് ഭീഷണി മുഴക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും തൊഴിലിന് പോകാന്‍ പോലും സാധിക്കാതെ വരുന്നു.

ഉത്തര്‍ പ്രദേശിലെ ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗമാണ് എല്ലുശേഖരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അലഹബാദ്, ഗോണ്ട, കാന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ദളിതരാണ് എല്ലു ശേഖരണം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്. എല്ലുപൊടിക്കുന്ന ഫാക്ടറികളുടെ സമീപത്തു തന്നെയാണ് ഈ വിഭാഗവും താമസിക്കുന്നത്. എല്ലുപൊടി പലതരം കെമിക്കലുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്.

002

എല്ലുകള്‍ ശേഖരിച്ച് ഫാക്ടറികളിലേക്ക് എത്തിക്കുകയെന്നതാണ് ഇവരുടെ പ്രധാന ജോലി. ഇതില്‍ നിന്നും ന്യായമായ വേതനം ഇവര്‍ക്കു ലഭിക്കുന്നുണ്ട്. ഒരു കിലോ എല്ലിന് 3 മുതല്‍ അഞ്ചു രൂപ വരെയാണ് ലഭിക്കുന്നത്. ഇത് വലിയ പേരുള്ള ജോലിയൊന്നുമല്ലെങ്കിലും എന്റെ കുടുംബത്തിന് അന്നം വാങ്ങി നല്‍കാന്‍ മതിയാകുമെന്ന് എല്ലു ശേഖരണ തൊഴിലാളിയായ ലാല്‍ പറയുന്നു.

2017-ല്‍ സംസ്ഥാനത്ത് അടച്ചു പൂട്ടിയത് 60-ഓളം കശാപ്പുശാലകളാണ്. പതിനെട്ടു സംസ്ഥാനങ്ങളിലും ഇതിനിടെ കശാപ്പു നിരോധനം നടപ്പിലാക്കി. ഇന്ത്യയിലെ മുസ്ലിം, ദളിത്, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ വിഭാഗവും പശുമാസം ഭക്ഷിക്കുന്നവരാണ്.

003

പശു സംരക്ഷകരെ ഭയക്കുന്നു, കാരണം പശുവിന്റെ പേരില്‍ അവര്‍ ദളിതരേയും, മുസ്ലിങ്ങളേയും മാത്രമാ ണ് കൊല്ലുന്നത്. ഇതിന്റെ പേരില്‍ 12-ഓളം പേരെയാണ് കൊലപ്പെടുത്തിയതെന്നും. എന്നാല്‍ കൊല്ലപ്പെട്ടത് മുഴുവന്‍ മുസ്ലിങ്ങളാണെന്നും തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ ഒരിക്കലും മൃഗങ്ങളെ കൊല്ലുന്നില്ല, എല്ലുകള്‍ ശേഖരിക്കുകമാത്രമാണ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

വളരെയധികം കരുതലോടെയാണ് ഇപ്പോള്‍ തൊഴിലിനു പോകുന്നതെന്നും, അതിരാവിലെ തുടങ്ങുന്ന ജോലി രാവിലെ 10 മണിയാകുമ്പോള്‍ തീരുമെന്നും ഇവര്‍ സൂചിപ്പിച്ചു. വയലില്‍ നിന്നും വഴികളില്‍ നിന്നും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുന്നവരാണ് എന്നിട്ടും സമൂഹത്തില്‍ ഇവരെ അറപ്പോടു കൂടിയാണ് കാണുന്നതെന്നും ഇവര്‍ സൂചിപ്പിച്ചു.

004

അടുത്ത തലമുറയിലെ കുട്ടികളെ എല്ലു ശേഖരണത്തിനായി വിടില്ലെന്നാണ് ഇവര്‍ പറയുന്നത്. അവരെങ്കിലും നല്ല രീതിയില്‍ ജീവിക്കണമെന്നും സമൂഹത്തിന്റെ അറപ്പും തൊട്ടു കൂടായ്മയും അവര്‍ അനുഭവിക്കാനിട വരരുതെന്നും തൊഴിലാളിയായ ലാല്‍ പറയുന്നു. പ്രകൃതിയെ വൃത്തിയാക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നാല്‍ ജീവന് എപ്പോഴും ഭീഷണിയാണ്. ഓരോ ദിവസവും പുലര്‍ച്ചെ തൊഴിലിനായി ഇറങ്ങുമ്പോള്‍ തിരികെ വീടെത്തും വരെ മനസില്‍ ഒരു ആധിയാണെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

Top