ഭൂരിപക്ഷം ഉണ്ടെങ്കില്‍ എംഎല്‍എമാരെ ഒളിപ്പിക്കണോ? ഉദ്ധവിനെതിരെ ഒളിയമ്പെയ്ത് ഫഡ്‌നാവിസ്

fadnavis

സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി പദം രാജിവെയ്‌ക്കേണ്ടി വന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുന്‍ സഖ്യകക്ഷിയായ ശിവസേനയ്ക്ക് എതിരെ രംഗത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം തന്റെ പിന്‍ഗാമി ഉദ്ധവ് താക്കറെ നടത്തിയ ആദ്യ ക്യാബിനറ്റ് യോഗത്തെയാണ് ഫഡ്‌നാവിസ് വിമര്‍ശിച്ചത്.

‘ആദ്യ ക്യാബിനറ്റ് യോഗത്തില്‍ പുതിയ സര്‍ക്കാര്‍ ചര്‍ച്ച ചെയ്തത് എങ്ങിനെ ഭൂരിപക്ഷം തെളിയിക്കാമെന്നാണ്, അല്ലാതെ കര്‍ഷകര്‍ക്ക് എങ്ങിനെ ആശ്വാസം നല്‍കാമെന്നല്ല. പിന്നെ എന്തിനാണ് ഈ ഭൂരിപക്ഷമെന്ന അവകാശവാദങ്ങള്‍’, ഫഡ്‌നാവിസ് ട്വീറ്റില്‍ ചോദിച്ചു.

സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെങ്കില്‍ ആദ്യ സമ്മേളനം തീരുമാനിക്കാന്‍ രഹസ്യം സൂക്ഷിക്കേണ്ട കാര്യമുണ്ടോ? നിയമങ്ങള്‍ മറികടന്ന് പ്രോടേം സ്പീക്കറെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നു, ഫഡ്‌നാവിസ് ചൂണ്ടിക്കാണിച്ചു. ഉദ്ധവ് താക്കറെയെ കടന്നാക്രമിക്കാനും മുന്‍ മുഖ്യമന്ത്രി മറന്നില്ല. ‘സ്വന്തം പാര്‍ട്ടി എംഎല്‍എമാരെ അവിശ്വസിക്കുന്നത് എന്തിന്? അവരെ എന്തിനാണ് പൂട്ടിയിട്ട് ശിക്ഷിക്കുന്നത്?’, ഫഡ്‌നാവിസ് തുടര്‍ന്നു.

മറുപക്ഷം ചാടുമെന്ന് ഭയന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോഴും വിവിധ ഹോട്ടലുകളില്‍ തുടരുകയാണ്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഉറപ്പാക്കിയിട്ടും ശിവസേനയ്ക്ക് എംഎല്‍എമാരെ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുന്നില്ല. എന്തിനാണ് ഈ ഒളിച്ചുകളി, മഹാരാഷ്ട്രയ്ക്ക് ഇക്കാര്യങ്ങളില്‍ ഉത്തരം വേണം, ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

Top