വിചാരണ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷന്‍ പറയുന്നത് എന്തിന് ?

ടി ആക്രമിക്കപ്പെട്ട കേസില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയാനുള്ള അവകാശം പൊതു സമൂഹത്തിനുണ്ട്. വിചാരണ കോടതിയുടെ വിധിയോടെ മാത്രമേ യഥാര്‍ത്ഥ വസ്തുതകളും പുറത്ത് വരികയുള്ളൂ. സ്ത്രീകള്‍ക്ക് നേരെ ആര് അതിക്രമം കാട്ടിയാലും ശക്തമായ നടപടി സ്വീകരിക്കുന്ന നിയമസംവിധാനമാണ് നമുക്കുള്ളത്. നടിയുടെ കേസില്‍ വിചാരണ കാര്യക്ഷമമായാണ് നടന്നു വരുന്നത്. ഒരു വനിതാ ജഡ്ജി തന്നെയാണ് കേസ് കേള്‍ക്കുന്നത് എന്നത് തന്നെ ശ്രദ്ധേയമായ കാര്യമാണ്. നടിയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാറും നടിക്ക് അനുകൂലമായ നിലപാടാണ് ശക്തമായി സ്വീകരിച്ച് വരുന്നത്.

വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തന്നെയാണ് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക കോടതിയും അനുവദിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ നടിയുടെ ഇതേ ആവശ്യം വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നതാണ്. ഭരണപരമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയുടെ ആവശ്യം മുമ്പ് തള്ളിയിരുന്നത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ല. ഈ സാഹചര്യത്തില്‍,വിചാരണയ്ക്കു വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യമുയര്‍ത്തിയാണ് നടി പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ആവശ്യത്തെ സര്‍ക്കാര്‍ കൂടി പിന്തുണച്ചതോടെ ഹൈകോടതി അനുകൂല നിലപാട് സ്വീകരിക്കുകയാണുണ്ടായത്. നല്ല നിലയിലാണ് വിചാരണ കോടതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം ഞെട്ടിക്കുന്നതാണ്. ഈ ആവശ്യം വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ തന്നെ നിര്‍ത്തി വച്ചിരിക്കുകയാണ്. തുടര്‍ന്നാണ് നടി തന്നെ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് പരാതിക്കാരി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തു നിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തിയതായും ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ലന്നും പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ലന്നുമുള്ള ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന ആരോപണങ്ങളാണിത്. നടിയുടെ ഈ നിലപാടിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

വിചാരണ കോടതികള്‍ക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. വിധി പറയും മുന്‍പ് തന്നെ മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നത് അപക്വമായ സമീപനമാണ്. കോടതിയിലെ നടപടി ക്രമങ്ങള്‍ അറിയില്ലെങ്കില്‍ അത് മനസ്സിലാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. ഏത് ജഡ്ജി ഈ കേസ് കേള്‍ക്കുമ്പോഴും സ്വീകരിക്കുന്ന നിലപാട് തന്നെയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്‍ പറയുന്നതെല്ലാം സത്യമാണെങ്കില്‍ എന്തിനാണ് പേടിക്കുന്നത് ? തീര്‍ച്ചയായും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ പറയുന്നതില്‍ കള്ളമുണ്ടായാല്‍ ഒരു നിരപരാധിയെയും ശിക്ഷിക്കാന്‍ കഴിയുകയുമില്ല. മാധ്യമ വാര്‍ത്തകളല്ല കോടതികള്‍ മുഖവിലക്കെടുക്കുക അവിടെ വേണ്ടത് തെളിവുകളാണ്.

മാധ്യമങ്ങളിലൂടെ ഏതെങ്കിലും കേസ് ലൈവായി നിര്‍ത്തിയാല്‍ അത് ഗുണം ചെയ്യുമെന്ന് ആര് തന്നെ കരുതിയാലും അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ടി.ആര്‍.പി റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന മാധ്യമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വിശ്വാസ വഞ്ചനക്ക് ചാനല്‍ മേധാവികള്‍ തന്നെ പ്രതിയാകുന്ന പുതിയ കാലത്ത് വാര്‍ത്തകളില്‍ വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികമാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അക്രമം നടത്തിയവരേക്കാള്‍ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെയാണ്. സൂപ്പര്‍ താരമെന്ന ദിലീപിന്റെ പരിവേഷവും ഇവിടെ മാധ്യമങ്ങളാണ് ശരിക്കും ഉപയോഗപ്പെടുത്തിയത്. ചാനലുകളുടെ റേറ്റിംങ്ങിലെ കുതിച്ചു കയറ്റം തന്നെ ഇതിന് ഉദാഹരണമാണ്.

അതേസമയം പൊലീസ് ഈ കേസില്‍ നിരത്തിയ വാദങ്ങളില്‍ രണ്ടഭിപ്രായം ഇന്നും സമൂഹത്തിലുണ്ട്. ചാനലുകള്‍ക്ക് വിധി പറയാന്‍ ആരോപണങ്ങളും അവതാരകരും മാത്രമാണ്. രഹസ്യമായി കോടതിയില്‍ നടക്കുന്ന വിചാരണയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നത് തന്നെ മതിയാകും. എന്നാല്‍ കോടതിക്ക് വേണ്ടത് തെളിവുകളാണ്. ദിലീപിന്റെ പങ്ക് ബോധ്യപ്പെടേണ്ടതും കോടതിക്കാാണ്. അതുകൊണ്ടാണ് കോടതിക്ക് തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നിരിക്കുന്നത്.
ആദ്യം കേസ് പരിഗണിച്ച കോടതി മാറ്റിയതും വനിതാ ജഡ്ജിയെ നിയോഗിച്ചതും നടിയുടെ ആവശ്യപ്രകാരമാണ്. ഇപ്പോള്‍ ഈ വനിതാ ജഡ്ജിയെ മാറ്റണമെന്ന് പറയുന്നതും നടി തന്നെയാണ്.

ഇങ്ങനെ നടിയുടെ ആവശ്യപ്രകാരം ജഡ്ജിമാരെ മാറ്റാന്‍ തുടങ്ങിയാല്‍ അത് എവിടെ ചെന്നാണ് എത്തുക ?എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നിരുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി തന്നെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയം കൂടിയാണിത്. പുതിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നടി രംഗത്ത് വരുന്നത് വിചാരണ നടപടി ക്രമങ്ങള്‍ വൈകുന്നതിനാണ് ഇടവരുത്തുക. ഇത് ആരുടെയെങ്കിലും പ്രേരണയിലാണെങ്കില്‍ അതും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് പറയാനുള്ളത് എന്താണെന്നത് ഇപ്പോഴും പൊതു സമൂഹത്തിന് അറിയുകയില്ല. അത് അദ്ദേഹം കോടതിയിലാണ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ നടിക്ക് സംഭവിച്ചത് എന്താണ് എന്നത് മാധ്യമങ്ങള്‍ ഇവിടെ പുറത്ത് വിട്ടിട്ടുണ്ട്. പുറത്ത് വന്ന ഈ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ അത് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നതും സ്വാഭാവികമാണ്. ഏത് കേസിലും നടക്കുന്ന പ്രക്രിയയാണിത്. വാദി ഭാഗം ആഗ്രഹിക്കുന്നത് പോലെ പ്രതിഭാഗം പെരുമാറണമെന്ന് ഒരിക്കലും വാശി പിടിക്കാനാവില്ല. നിരപരാധിത്വം തെളിയിക്കാന്‍ പ്രതിഭാഗത്തിനും അവകാശമുണ്ട്. അതാണ് കോടതിയില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ശക്തമായ തെളിവുകള്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന പ്രോസിക്യൂഷന്‍ എന്തിനാണ് ആശങ്കപ്പെടുന്നത് ?, മിടുക്കരായ ഉദ്യോഗസ്ഥര്‍ സത്യസന്ധമായാണ് കേസന്വേഷിച്ചതെങ്കില്‍ ആ മിടുക്ക് കാണേണ്ടത് കോടതിയിലാണ്. വിചാരണ വേളയില്‍ തന്നെ പ്രോസിക്യൂഷന് ആത്മവിശ്വാസം നഷ്ടപ്പെട്ടെങ്കില്‍ അതിനര്‍ത്ഥം പുറത്ത് വന്നത് മാത്രമല്ല യാഥാര്‍ത്ഥ്യമെന്നത് തന്നെയാണ്. ഇങ്ങനെ സംശയിക്കുന്നവരെ നമുക്കാര്‍ക്കും ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയുമില്ല.

Top