‘ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങള്‍ എന്തിനാണ് അനുഭവിക്കുന്നത്?’: പ്രവാചക നിന്ദയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ മമത

കൊല്‍ക്കത്ത: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച്‌ ബി.ജെ.പി വക്താക്കൾ നടത്തിയ വിവാദ പരാമര്‍ശത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാരും പോലീസും വീണ്ടും ഏറ്റുമുട്ടി.

സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി . ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കലാപം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബി.ജെ.പി ചെയ്ത പാപങ്ങള്‍ക്ക് ജനം എന്തിന് അനുഭവിക്കണമെന്നും മമത ബാനര്‍ജി ചോദിച്ചു.

‘ഞാന്‍ ഇത് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ദിവസമായി ഹൗറയില്‍ സാധാരണ ജനജീവിതം താറുമാറായിട്ട്. അക്രമ സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള ഏല്ലാ വഴിയും സ്വീകരിച്ച്‌ കഴിഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിന് പിന്നില്‍, കലാപമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഇത് വെച്ചുപൊറുപ്പിക്കില്ല, കര്‍ശന നടപടി സ്വീകരിക്കും. ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങള്‍ എന്തിനാണ് കഷ്ടപ്പെടുന്നത്?’ മമത ട്വീറ്റ് ചെയ്തു.

പ്രവാചക നിന്ദ വിവാദത്തിന് പിന്നില്‍ ആസൂത്രിത നീക്കങ്ങളുണ്ടെന്നും മമത ബാനര്‍ജി ആരോപിച്ചു. ഹൗറയിലെ പഞ്ച്‌ല ബസാറില്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍.

ഹൗറയിലെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നു. ഉലുബെരിയ സബ് ഡിവിഷനില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ജൂണ്‍ 15 വരെ നീട്ടി. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് 70 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബി.ജെ.പി എം.പിയും പശ്ചിമ ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

Top