പകക്കുമില്ലേ അതിർ വരമ്പുകൾ ? ദിലീപിന്റെ ഡി.സിനിമാസ് അടച്ചു പൂട്ടിയത് എന്തിന് ?

ടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിയുടെ അന്തിമ വിധി വരട്ടെ, അതുവരെ ആ വിഷയത്തില്‍ ആരും മുന്‍വിധി സ്വീകരിക്കാതിരിക്കുകയാണ് വേണ്ടത്.

പക്ഷേ ഇവിടെ ഇപ്പോള്‍ അതല്ല പ്രശ്‌നം ഒരു വ്യക്തിയെ പ്രതിയാക്കി ജയിലില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ സകലരും ആ വ്യക്തിയെ എല്ലാ രൂപത്തിലും ‘പൂട്ടി’ ഭീകരവാദിയോടെന്ന പോലെ പെരുമാറുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

‘വിമര്‍ശിക്കുന്നവരൊന്നും വിശുദ്ധ പശുക്കളല്ലന്ന്’ ഓര്‍മ്മിക്കുന്നത് നല്ലതാണ്.

നാളെ നിങ്ങള്‍ക്കും ഈ ഗതിയല്ല, ഇതിന്റെ അപ്പുറത്തെ ഗതിയും വരില്ലെന്ന് എന്താണുറപ്പ് ? ഇപ്പോള്‍ കൂടെ നിന്ന് കയ്യടിക്കുന്നവര്‍ അപ്പോള്‍ നിങ്ങളുടെ ‘കുഴി’തോണ്ടാന്‍ ഒപ്പമുണ്ടാകില്ലന്ന് ഇപ്പോഴേ ഉറപ്പിക്കുന്നത് നല്ലതായിരിക്കും.

ദിലീപ് ‘വിചാരണ’ നടത്തിയ ചാനലില്‍ തന്നെ സ്വന്തം സഹപ്രവര്‍ത്തകന്‍ സ്ത്രീ പീഡന കേസില്‍ പെട്ടപ്പോള്‍ ചര്‍ച്ച നടത്തേണ്ടി വന്നത് പോലും നിവൃത്തികേട് കൊണ്ടാണ്.

ചില മാധ്യമ സ്ഥാപനങ്ങളില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നത് എന്താണെന്ന് ഇപ്പോള്‍ മധ്യമ പ്രവര്‍ത്തകര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി തുടങ്ങിയിട്ടുണ്ട്.

ചാനലുകളില്‍ ഇരുന്ന് വിചാരണ നടത്തി ഒരാളെ പൊതു സമൂഹത്തില്‍ മോശക്കാരനാക്കുന്ന മുന്‍ കാല ചരിത്രമൊന്നും പുതിയ കാലത്ത് വിലപോവില്ല.

ഇപ്പോള്‍ ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരാണ്. അവന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമെല്ലാമാണ് ഏറ്റവും പ്രഹര ശേഷിയുള്ള ആയുധങ്ങള്‍.

എല്ലാ രംഗത്തും ഉള്ളത് പോലെ മോശം വശങ്ങള്‍ ഈ മേഖലയിലുമുണ്ട്.

എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആര്‍ക്കും മുടിവയ്ക്കാന്‍ പറ്റില്ലന്നതും കുത്തക മാധ്യമങ്ങള്‍ ‘സ്വാര്‍ത്ഥ’ താല്‍പ്പര്യപ്രകാരവും കച്ചവട കണ്ണോടുകൂടിയും പുറത്ത് വിടുന്ന വാര്‍ത്തകളെ ഏതൊരു വ്യക്തിക്കും പൊളിച്ചടക്കാന്‍ കഴിയുമെന്നതും സോഷ്യല്‍ മീഡിയയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.

എത്ര പേര്‍ പത്രം വായിക്കുന്നുണ്ട്, ചാനലുകള്‍ കാണുന്നുണ്ട് എന്നൊക്കെ പരിശോധിച്ചാല്‍ മാത്രം മതി ഓണ്‍ലൈന്‍ മീഡിയകളുടെയും സോഷ്യല്‍ മീഡിയയുടെയും പ്രസക്തി മനസ്സിലാക്കാന്‍.

അകത്തായ ദിലീപിനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ പോലും ഏല്‍ക്കാത്ത ഒരു പ്രഹരം അദ്ദേഹത്തിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയത് ഒരിക്കല്‍ ജീവന്‍ രക്ഷിച്ച യുവാവില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്.

ദുബായിയിലെ കമ്പനിയില്‍ ഡെലിവറി ബോയിയായ ജാസിര്‍ വാഹനം ഇടിച്ച് തെറുപ്പിച്ച് റോഡില്‍ കിടന്ന് പിടഞ്ഞ് വീണപ്പോള്‍ രക്ഷിച്ച ദിലീപ് ഇപ്പോള്‍ അയാള്‍ക്കും വഞ്ചകനും ചതിയനുമൊക്കെയാണ്.

ജീവന്‍ രക്ഷിച്ചതിന് പുറമെ ദിലിപ് ഇടപെട്ട് മറ്റൊരു സ്ഥാപനത്തില്‍ ജോലി വാങ്ങിക്കൊടുത്തതില്‍ ശമ്പളം കുറഞ്ഞ് പോയതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

ഈ യുവാവിന്റെ പ്രതികരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്താന്‍ സോഷ്യല്‍ മീഡിയ തയ്യാറായി എന്നത് ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ട കാര്യമാണ്.

ഡെലിവറി ബോയിയായ യുവാവ് നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ലഭിച്ചിരുന്നു എന്ന് പറഞ്ഞ കൂടിയ ശമ്പളം തന്നെ തട്ടിപ്പ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ഈ നന്ദികേടിനെ പൊളിച്ചടക്കിയത്.

ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി.സിനിമാസ് അടച്ച് പൂട്ടിയതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കയ്യേറ്റക്കാരനായി ദിലീപിനെ ചിത്രീകരിച്ച മാധ്യമങ്ങളുടെ ജാള്യത മറയ്ക്കാന്‍ കൂട്ട് നിന്ന ചാലക്കുടി നഗരസഭയുടെ നടപടി എന്തിന്റെ അടിസ്ഥാനത്തിലായാലും ചെറ്റത്തരം തന്നെയാണ്.

ഇന്നലെ വരെ കൗണ്‍സിലര്‍മാര്‍ കുടുംബ സമ്മേതം ഇവിടെ നിന്നും സിനിമ കാണുമ്പോള്‍ തോന്നാതിരുന്ന നിയമലംഘനമാണ് ഇപ്പോള്‍ കണ്ടെത്തിയത് എന്നതില്‍ തന്നെ ‘ഹിഡന്‍ അജണ്ട’ വ്യക്തമാണ്.

കയ്യേറ്റക്കാരനാണെന്ന ആരോപണം സര്‍വേ വിഭാഗത്തിന്റെ പരിശോധനയില്‍ പൊളിഞ്ഞതിന്റെ അമര്‍ഷം തീര്‍ക്കേണ്ടത് ഇങ്ങനെയാണോ?

വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന പേരില്‍ മാത്രം ഏത് സ്ഥാപനമാണ് രാജ്യത്ത് പൂട്ടിയിട്ടിട്ടുള്ളത് ?

അങ്ങനെയാണെങ്കില്‍ സംസ്ഥാനത്ത് നിരവധി കെട്ടിടങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടല്ലോ ,അത് പൂട്ടിയിടേണ്ടതല്ലേ ? ബന്ധപ്പെട്ടവര്‍ ഇതിന് മറുപടി പറയണം.

അഞ്ച് എച്ച്.പിയില്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നഗരസഭ കൗണ്‍സിലിന്റെ അനുമതി വേണമെന്നും മുന്‍ കൗണ്‍സിലിന്റെ കാലത്ത് കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരമില്ലാതെ തന്നെ സെക്രട്ടറി പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നുമെന്നുമാണ് മറ്റൊരു വാദം.

അനുമതി നല്‍കിയ മുന്‍സിപ്പല്‍ സെക്രട്ടറി ഇവരുടെ കണ്ണില്‍ ‘വിശുദ്ധ പശുവാണ്’.അദ്ദേഹത്തിനെതിരെ ഒരു വാക്ക് പോലും ഒരു കൗണ്‍സിലറും പറഞ്ഞിട്ടില്ല.

ആരുടെയെങ്കിലും ‘അച്ചാരം’ വാങ്ങിയിട്ടാണോ അടച്ചുപൂട്ടല്‍ നടത്തിയതെന്ന സംശയം ആരെങ്കിലും ഉന്നയിച്ചാല്‍ അവരെ പോലും ഈ ഘട്ടത്തില്‍ കുറ്റം പറയാന്‍ പറ്റില്ല.

സകല നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഫയര്‍ഫോഴ്‌സ് അടക്കം നല്‍കിയിട്ടും അടച്ചു പൂട്ടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തവരാണ് ഒരു നിസാര കാരണം പറഞ്ഞ് ഡി. സിനിമാസിനെതിരെ ഉറഞ്ഞു തുള്ളുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയടക്കം സാക്ഷ്യപത്രമുണ്ടായിട്ടും ലൈസന്‍സ് പുതുക്കി നല്‍കാത്തതും വ്യക്തമായ ‘അജണ്ട’ മുന്‍ നിര്‍ത്തി തന്നെയാണ്.

എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടിയാണ് ഈ പന്നത്തരം കാണിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

നാളെ ഇനി ദിലീപിന്റെ വീട് പൂട്ടാനും ആരെങ്കിലും വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

മൂന്ന് വിവാഹം കഴിച്ചെന്ന് പറഞ്ഞ് വ്യക്തിപരമായി ദിലീപിനെയും കുടുംബത്തേയും അധിക്ഷേപിച്ചവര്‍ക്ക് ഒരു കടലാസിന്റെ രേഖപോലും ഹാജരാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഓര്‍ക്കണം.

ലോകത്തെ ഏറ്റവും വൃത്തികെട്ട വ്യക്തിയായി ദിലീപിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന മാന്യന്‍മാര്‍ ഏത് കൊമ്പത്തെ ആളായാലും തെറ്റ് ചെയ്തിട്ടില്ലങ്കില്‍ ദിലീപ് ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് നിങ്ങളുടെ കണ്ണിന്റെ മുന്നില്‍ വന്നു നില്‍ക്കും. അത് ഉറപ്പാണ്.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാട്ടുന്നതിന് ഞങ്ങള്‍ ആരുടെയെങ്കിലും അച്ചാരം വാങ്ങിയെന്ന് കൂലി കമന്റുകാര്‍ ആക്ഷേപിക്കുന്നതിന് മുന്‍പ് ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

ബിന്‍ ലാദനേക്കാള്‍ വലിയ കൊടും ക്രിമിനലാണോ നിങ്ങള്‍ അറിയുന്ന ദിലീപ് ?

Team Express Kerala

Top