എസ്.പി.ജി അറിയാതെ രാഹുല്‍ ഗാന്ധി വിദേശത്ത് എവിടെ പോകുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എസ്.പി.ജി സുരക്ഷയില്ലാതെ വിദേശത്ത് എങ്ങോട്ടാണ് രാഹുല്‍ ഗാന്ധി പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്.

ഗുജറാത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തിനുനേര്‍ക്കുണ്ടായ കല്ലേറിനെക്കുറിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നില്ല രാഹുല്‍ ഉപയോഗിച്ചത്, രാഹുല്‍ എസ്പിജിയുടെ നിര്‍ദേശം അനുസരിച്ചില്ലെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, ആറ് വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് 72 ദിവസമാണ് രാഹുല്‍ രാജ്യത്തിനു പുറത്തുപോയത്. എന്നാല്‍ ഇതൊന്നിനും എസ്പിജി സുരക്ഷ അദ്ദേഹം തേടിയില്ല. രാഹുല്‍ എവിടെയാണു പോയതെന്നു ഞങ്ങള്‍ക്ക് അറിയണം. എന്തുകൊണ്ടാണ് എസ്പിജി സുരക്ഷ തേടാഞ്ഞത്? ഇത് എസ്പിജി ആക്ടിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ പ്രശ്‌നങ്ങളുടെ അവഗണന കൂടിയാണ്. എസ്പിജിയെക്കൂട്ടാതെ പോകുന്നതില്‍ രാഹുല്‍ എന്താണ് ഒളിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

എന്നാല്‍ രാഹുലിന്റെ ജീവന്‍ അപകടത്തിലാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഗുജറാത്തിലെ പ്രളയ ബാധിത ജില്ലയായ ബനാസ്‌കാന്ത സന്ദര്‍ശിക്കുന്നതിനിടെ ഓഗസ്റ്റ് നാലിനാണ് രാഹുലിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ് ഉണ്ടായത്. എസ്പിജി ഉദ്യോഗസ്ഥന് സാരമായി പരുക്കേറ്റിരുന്നു.

Top