കോട്ടക്കലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട് ?

സ്ഥാനമോഹികളാൽ സമ്പന്നമാണ് ചെറു പാർട്ടികൾ. അധികാരം ആഗ്രഹിക്കുന്ന സമ്പന്നരുടെ ഇടത്താവളും കൂടിയാണ് ഈ പാർട്ടികൾ. എല്ലാ മുന്നണിയിലും ഇത്തരക്കാരുടെ സാന്നിധ്യവുമുണ്ട്. ഈ പുതിയ കാലത്തും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇക്കാര്യം ഇപ്പോൾ ഇവിടെ സൂചിപ്പിക്കാൻ കാരണം വ്യവസായിയായ ഒരു എൻ.സി.പിക്കാരൻ്റെ പ്രവർത്തിമൂലമാണ്. കോട്ടക്കലിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.എ മുഹമ്മദ് കുട്ടി എന്ന വ്യവസായി സ്വന്തം വോട്ട് പോലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിട്ടില്ല.

കളമശ്ശേരിയിലാണ് മുഹമ്മദ് കുട്ടിക്ക് വോട്ടുണ്ടായിരുന്നത്. ഈ മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവാണ് മത്സരിച്ചിരുന്നത്. യു.ഡി.എഫിൽ നിന്നും മണ്ഡലം പിടിച്ചെടുക്കാൻ ഒരു വോട്ട് പോലും നിർണ്ണായകമായ തിരഞ്ഞെടുപ്പിലാണ്  ഇടതുപക്ഷ സ്ഥാനാർത്ഥി തന്നെ വോട്ട് രേഖപ്പെടുത്താതെ മാറിനിന്നിരിക്കുന്നത്. ഈ വിവരം അറിഞ്ഞ സി.പി.എം പ്രവർത്തകരും നിലവിൽ വലിയ രോക്ഷത്തിലാണുള്ളത്. ആരൊക്കെ മാറി നിന്നിട്ടും പതിനയ്യായിരത്തിൽ അധികം വോട്ടുകൾക്കാണ് പി.രാജീവ് കളമശ്ശേരിയിൽ ചെങ്കൊടി പാറിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറയിലെ സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് പോലും  അതിരാവിലെ തന്നെ നിലമ്പൂരിലെത്തി വോട്ട് ചെയ്ത ശേഷമാണ്  തിരിച്ച് എറണാകുളത്തെത്തിയിരുന്നത്. സമാന നിലപാടാണ് മറ്റു പല സ്ഥാനാർത്ഥികളും സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലെ സ്വന്തം കടമ നിർവ്വഹിച്ച ശേഷമാണ് ഇവരെല്ലാം തന്നെ തങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എത്തിയിരുന്നത്. സ്വരാജിന് നിലമ്പൂരിൽ പോയി വോട്ട് ചെയ്ത് തിരികെ വരാൻ കഴിയുമെങ്കിൽ കളമശ്ശേരിയിൽ വോട്ട് ചെയ്ത് മുഹമ്മദ് കുട്ടിക്കും കോട്ടക്കലിൽ എളുപ്പത്തിൽ എത്താൻ കഴിയുമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുഖം തിരിക്കുന്ന സമീപനമാണ് മുഹമ്മദ് കുട്ടി സ്വീകരിച്ചിരിക്കുന്നത്. ഇത് എന്തുകൊണ്ടാണ് എന്നതിന് മുഹമ്മദ് കുട്ടി മാത്രമല്ല എൻ.സി.പി നേതൃത്വവും മറുപടി പറയണം.

സമ്പന്നരെ തിരഞ്ഞ് പിടിച്ച് സ്ഥാനാർത്ഥിയാക്കുന്നതിന് പിന്നിൽ നേതൃത്വങ്ങൾക്ക് ചില താൽപ്പര്യങ്ങളുണ്ടാകാം. ഇക്കാര്യം അരിയാഹാരം കഴിക്കുന്ന ആർക്കും തന്നെ മനസ്സിലാക്കാൻ കഴിയുന്നതുമാണ്. ഇത്തരം അവസരവാദികളെ ഇനിയും ചുമക്കണമോ എന്നത് ഇടതുപക്ഷ നേതൃത്വമാണ് ആലോചിക്കേണ്ടത്. സ്വന്തം നിലയ്ക്ക് നിന്നാൽ ഒരു വാർഡിൽ പോലും ജയിക്കാൻ ശേഷിയില്ലാത്ത പാർട്ടിയാണ് എൻ.സി.പി. സി.പി.എമ്മിൻ്റെ കരുണയിൽ മാത്രമാണ് ആ പാർട്ടി കേരളത്തിൽ നിലനിന്നു പോകുന്നത്. നാല് സീറ്റുകളാണ് 2016ലെ തിരഞ്ഞെടുപ്പിൽ എൻ.സി.പി മത്സരിച്ചിരുന്നത്. എലത്തൂർ, കോട്ടക്കൽ, കുട്ടനാട് , പാലാ സീറ്റുകളായിരുന്നു അത്. ഇതിൽ എലത്തൂരിലെ സ്ഥാനാർത്ഥി എ.കെ ശശീന്ദ്രൻ ഒഴികെയുള്ള മറ്റു മൂന്ന് സ്ഥാനാർത്ഥികളും സമ്പന്നരായിരുന്നു.

ഇത്തവണ പാലാ ഒഴികെ മറ്റ് മൂന്ന് സീറ്റുകളിലും എൻ.സി.പി തന്നെയാണ് മത്സരിച്ചിരുന്നത്. കുട്ടനാട്ടിൽ അന്തരിച്ച തോമസ് ചാണ്ടിക്ക് പകരം അദ്ദേഹത്തിൻ്റെ സഹോദരൻ തോമസ് കെ തോമസാണ് മത്സരിച്ചത്. കോട്ടക്കലിലും എലത്തൂരിലും സ്ഥാനാർത്ഥികളിൽ ഒരു മാറ്റവും ഉണ്ടായതുമില്ല. ഇതിൽ കോട്ടക്കൽ ഒഴികെ രണ്ടു സീറ്റുകളിലും വിജയിക്കുകയും ചെയ്തു. ജനപിന്തുണയാണ് സീറ്റ് നൽകാനുള്ള മാനദണ്ഡമെങ്കിൽ ഒറ്റ സീറ്റിനു പോലും എൻ.സി.പിക്ക് അർഹതയില്ലന്നതാണ് യാഥാർത്ഥ്യം. ഏത് രാഷ്ട്രീയ കാലാവസ്ഥയിലും സി.പി.എം ഒറ്റയ്ക്ക് നിന്നാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുന്ന മണ്ഡലമാണ് എലത്തൂർ. കുട്ടനാട്ടിലെ ചുവപ്പിൻ്റെ ശക്തിയാകട്ടെ വിപ്ലവ കേരളത്തിന് നന്നായി അറിയാവുന്നതുമാണ്. മുസ്ലീം ലീഗ് കോട്ടയായ കോട്ടക്കലിൽ, സി.പി.എമ്മു തന്നെയാണ് ലീഗിൻ്റെ പ്രധാന എതിരാളി, ഇവിടെ, എൻ.സി.പി എന്ന പാർട്ടി ഏതാണെന്ന് ചോദിച്ചാൽ, ജനങ്ങൾ തന്നെയാണ് കൈമലർത്തുക. അതാണ് ആ മണ്ഡലത്തിലെയും അവസ്ഥ.

പാർട്ടിയിൽ ആളുകൾ ഇല്ലന്നതും ജനപിന്തുണ ഇല്ലന്നതും ഒരു സൗകര്യമായാണ് എൻ.സി.പി നേതാക്കൾ കാണുന്നത്. അധികാരം നുണയാൻ ഇതാണ് നല്ലതെന്ന മാനസികാവസ്ഥയാണ് നേതാക്കളിൽ മിക്കവരെയും നയിക്കുന്നത്. അതു കൊണ്ടു തന്നെയാണ് സമ്പന്നർ സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇടംപിടിക്കുന്നത്. ഇപ്പോൾ മന്ത്രി സ്ഥാനത്തിനു വേണ്ടിയും ആ പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. എ.കെ ശശീന്ദ്രൻ വിഭാഗവും പീതാംബരൻ മാസ്റ്റർ വിഭാഗവുമാണ് ഏറ്റുമുട്ടുന്നത്. തോമസ് കെ തോമസിനോടാണ് പീതാംബരൻ മാസ്റ്റർ വിഭാഗത്തിനു താൽപ്പര്യം. ഇതിനിടെ മാണി സി കാപ്പനെ തിരികെ പാർട്ടിൽ എടുത്ത് മന്ത്രി സ്ഥാനം നൽകാനും ഈ വിഭാഗം കരുക്കൾ നീക്കുകയുണ്ടായി. കാപ്പൻ്റെ മുംബൈ സന്ദർശനവും ഇതിൻ്റെ ഭാഗമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി ഉൾപ്പെടെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഈ നീക്കം പൊളിയാൻ കാരണമായിരുന്നത്.

യു.ഡി.എഫ് പാളയത്തിൽ പോയി മത്സരിച്ച് ജയിച്ച അധികാര മോഹിയെ ഒരു കാരണവശാലും മന്ത്രിയാക്കുന്ന പ്രശ്നമില്ലന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നത്. എൻ.സി.പി വാശി പിടിച്ചാൽ ആ പാർട്ടിയെ തന്നെ മുന്നണിയിൽ നിന്നു പുറത്താക്കാനും സി.പി.എം തയ്യാറാകുമായിരുന്നു. ഈ അപകടം മനസ്സിലാക്കിയാണ് എൻ.സി.പി നേതൃത്വം ഇപ്പോൾ പിൻമാറിയിരിക്കുന്നത്. തുടർന്ന് ഒരു വിഭാഗമിപ്പോൾ തോമസ് കെ തോമസിനു വേണ്ടിയാണ് ചരടുവലിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എ.കെ ശശീന്ദ്രൻ വിഭാഗം സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണ്ണായകമാവുക. എൻ.സി.പിയിൽ തർക്കം രൂക്ഷമായാൽ മന്ത്രി പദവി തന്നെ എൻ.സി.പിക്ക് നിഷേധിക്കപ്പെടാനും സാധ്യത ഏറെയാണ്. മന്ത്രി പദവിയെ ചൊല്ലി, സർക്കാറിലും മുന്നണിയിലും ഭിന്നതയുണ്ടാക്കാൻ, ഒരു കാരണവശാലും അനുവദിക്കില്ലന്ന കർശന നിലപാടിലാണ് സി.പി.എം നേതൃത്വം.

കോട്ടക്കലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വോട്ട് ചെയ്യാതിരുന്നതും ഗൗരവമായി തന്നെയാണ് സി.പി.എം നേതൃത്വം നോക്കി കാണുന്നത്. മുന്നണി മര്യാദ സി.പി.എമ്മിനു മാത്രമാണോ ബാധകമെന്ന ചോദ്യം പാർട്ടി അണികളും ഉയർത്തിക്കഴിഞ്ഞു. എൻ.സി.പിക്ക് ശക്തിയുള്ള മഹാരാഷ്ട്രയിൽ സി.പി.എമ്മിനെ അവഗണിച്ചവർക്ക് എന്തിനാണ് കേരളത്തിൽ പരിഗണന നൽകുന്നതെന്നാണ് സി.പി.എം പ്രവർത്തകർ ചോദിക്കുന്നത്. ഈ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി രാഷ്ട്രീയ കേരളവും ആഗ്രഹിക്കുന്നുണ്ട്. കാരണം മഹാരാഷ്ട്രയിൽ കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ ബഹുജന രോക്ഷം ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് സി.പി.എം കർഷക സംഘടനയാണ്. കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും മുംബൈയിലേക്ക് കാൽ നടയായി മാർച്ച് ചെയ്തിരുന്നത് പതിനായിരങ്ങളായിരുന്നു. ബി.ബി.സി ഉൾപ്പെടെ അന്താരാഷ്ട്ര – ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ഇതുസംബന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

രക്തം പൊടിഞ്ഞ കാൽപ്പാദങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ ഉയർത്തിയ ആ പ്രക്ഷോഭ തീയാണ് സർക്കാറിനെതിരായ വികാരമായി കത്തിപ്പടർന്നിരുന്നത്. യഥാർത്ഥത്തിൽ ചെങ്കൊടി വിതച്ചതാണ് എൻ.സി.പിയും കോൺഗ്രസ്സും ഉൾപ്പെട്ട പ്രതിപക്ഷം മറാത്തമണ്ണിൽ കൊയ്തിരുന്നത്. പ്രക്ഷോഭങ്ങൾ ഉയർത്തുന്നതിൽ കേമൻമാരാണെങ്കിലും ദുർബലമായ സംഘടനാ സംവിധാനമാണ് സി.പി.എമ്മിന് തിരിച്ചടിയായിരുന്നത്. ചുവപ്പിൻ്റെ ഈ പരിമിതിയിൽ നേട്ടമുണ്ടാക്കിയതാകട്ടെ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ്. എൻ.സി.പി നേതൃത്വം വിചാരിച്ചിരുന്നു എങ്കിൽ തീർച്ചയായും കുറച്ചു സീറ്റുകൾ സി.പി.എമ്മിനു നൽകാമായിരുന്നു. എന്നാൽ അവർ മുഖം തിരിക്കുകയാണുണ്ടായത്. അവിടെയും ‘പവർ’ രാഷ്ട്രീയം കളിക്കാനാണ് പവാർ ശ്രമിച്ചിരുന്നത്.ആ നിലപാടിൻ്റെ ഉൽപ്പന്നമാണ് ത്രികക്ഷി സർക്കാർ. തീവ്ര ഹിന്ദുത്വ പാർട്ടിയായി അറിയപ്പെടുന്ന ശിവസേനയുമായാണ് എൻ.സി.പിയും കോൺഗ്രസ്സും അധികാരം പങ്കിടുന്നത്. നിലവിൽ ഒറ്റ എം.എൽ.എ മാത്രമാണ് മഹാരാഷ്ട്ര നിയമസഭയിൽ സി.പി.എമ്മിനുള്ളത്. നിലപാടിലും ഒറ്റ നിലപാടു തന്നെയാണുള്ളത്.

ബി.ജെ.പി റാഞ്ചുമെന്ന് കണ്ട് സകല പ്രതിപക്ഷ എം.എൽ.എമാരെയും നേതൃത്വം ഒളിപ്പിച്ചപ്പോൾ സ്വന്തം ഗ്രാമത്തിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു സി.പി.എം- എം.എൽ.എ. കർഷക സമര പോരാളിയായ വിനോദ് നിക്കോളയാണ് സി.പി.എമ്മിൻ്റെ ആ ഏക എം.എൽ.എ. പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിൽ നിന്നും 4,742 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിൻ്റെ വിജയം. ബി.ജെ.പിയുടെ പാസ്‌ക്കല്‍ ധനരെയെയാണ് ഈ കമ്യൂണിസ്റ്റ് പരാജയപ്പെടുത്തിയിരുന്നത്. “കനൽ, ഒരു തരിമതി” മഹാരാഷ്ട്രയിലും ആളിപ്പടരാൻ എന്നാണ് വിനോദ് നിക്കോളയുടെ സാന്നിധ്യത്തെ ചൂണ്ടിക്കാട്ടി സി.പി.എം പ്രവർത്തകരും അവകാശപ്പെടുന്നത്.

Top