എന്തുകൊണ്ട് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നില്ല; ധോണിക്കെതിരേ അമര്‍നാഥ്

മുംബൈ: ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാനിറങ്ങാത്ത എം.എസ് ധോണിക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യയ്ക്കായി മത്സരങ്ങളില്ലാത്ത സമയത്ത് എന്ത്‌കൊണ്ട് ധോണി ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ധോണിയും ശിഖര്‍ ധവാനും കളിച്ചിരുന്നില്ല.

ടെസ്റ്റില്‍നിന്നു നേരത്തെതന്നെ വിരമിച്ച ധോണി ഏകദിനത്തിലാണിപ്പോള്‍ കളിക്കുന്നത്. ഇത്തവണ സമയക്കുറവുകാരണം ധോണി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചില്ല. ആഭ്യന്തരതലത്തില്‍ ഒരു പരിശീലനവുമില്ലാതെയാണ് ധോണി ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്ബരയ്ക്കിറങ്ങുക. ധോണിയെ ട്വന്റി 20 ടീമില്‍നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

നിരവധി സീനിയര്‍ കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നില്ല. ഇത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കണമെങ്കില്‍ സംസ്ഥാന തലത്തിലും കളിക്കണമെന്നും അമര്‍നാഥ് പറഞ്ഞു.

Top